കേളകം: ആറളം ഫാം ആനമതിൽ നിർമാണം ആറ് കിലോമീറ്റർ ദൂരം പൂർത്തിയാക്കാൻ നൽകിയ സമയപരിധി ഞായറാഴ്ച കഴിയുമ്പോൾ തീർന്നത് 4.097കി.മിറ്റർ. നിർമാണത്തിൽ നിർദേശിച്ച സമയപരിധി തുടർച്ചയായി ലംഘിച്ച പശ്ചാത്തലത്തിൽ കരാറുകാരനെ മരാമത്ത് ഒഴിവാക്കി. ഇനി റീടെൻഡർ വിളിച്ച് പ്രവൃത്തി നടത്താൻ കാലതാമസം നേരിടുമെന്ന ഭീഷണിക്കൊപ്പം ആന ആക്രമണ ഭീതിയും രൂക്ഷമാണ്. 2023 സെപ്റ്റംബർ 30ന് മന്ത്രി ആറളത്ത് ഉദ്ഘാടനം ചെയ്ത ആനമതിൽ പ്രവൃത്തിയാണ് ഇഴഞ്ഞുനീങ്ങി കരാറുകാരനെ ഒഴിവാക്കുന്ന ഘട്ടത്തിലെത്തിയത്.
ഒരു വർഷത്തിനകം 10 കി.മീറ്റർ ദൂരം മതിലും അര കിലോമീറ്റർ റെയിൽ വേലിയും പൂർത്തിയാക്കേണ്ടതായിരുന്നു. ഫെബ്രുവരി 23ന് ബ്ലോക്ക് 13ൽ വെള്ളി -ലീല ദമ്പതികളെ കാട്ടാന കൊന്നതിനെ തുടർന്ന് ആറു കി.മീറ്റർ മതിൽ കഴിഞ്ഞ ഏപ്രിൽ 30നകം പൂർത്തിയാക്കാൻ നിർദേശിച്ചിരുന്നു. പാലിക്കാത്തതിനാൽ ഈ അവധി ഇന്നലെ വരെ വീണ്ടും നീട്ടി നൽകിയെങ്കിലും ഒരു പുരോഗതിയും കൈവരിച്ചില്ല. ഈ സാഹചര്യത്തിലാണ് കരാർ റദ്ദാക്കിയത്.
വളയംചാൽ വനം ഓഫിസ് പരിസരത്തുനിന്ന് തുടങ്ങി പരിപ്പ്തോട് 55 വരെ 9.899 കി.മീറ്റർ നീളത്തിലാണ് 37.9 കോടി രൂപ ചെലവിൽ മതിലും അര കി.മീറ്റർ ദൂരത്തിൽ റെയിൽ വേലിയും നിർമിക്കുന്നത്. അധികൃതരുടെ അലംഭാവത്തിൽ ആനമതിൽ പകുതി പോലും പൂർത്തിയാകാതെ അവശേഷിക്കുമ്പോൾ പുനരധിവാസ മേഖലയിലും ഫാം കൃഷിയിടത്തിലും കാട്ടാനക്കൂട്ടത്തിന്റെ ഭീഷണി ശക്തമാണ്. 10 വർഷത്തിനിടെ 14പേരെയാണ് കാട്ടാന കൊന്നത്. ആറളം ഫാം കൃഷിയിടത്തിൽ 90 കോടി രൂപയുടെ കൃഷി നാശവും ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.