റബർ വില വർധിക്കുന്നു: പ്രതീക്ഷയോടെ കർഷകർ

കേളകം: ദീർഘകാലത്തെ ഇടവേളക്ക് ശേഷം റബർ വില ഉയരുന്നത് കാർഷിക മേഖലയില്‍ പ്രതീക്ഷയായി. നീണ്ട കാലത്തെ ഇടവേളക്കുശേഷം റബര്‍ വില കിലോഗ്രാമിന് 155 രൂപയിലെത്തി. വിലയിടിവുമൂലം നടുവൊടിഞ്ഞ റബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകിയാണ് ഇപ്പോള്‍ വിലയില്‍ കുതിപ്പുണ്ടാകുന്നത്. റബര്‍ വില ഉയര്‍ന്നുതുടങ്ങിയതോടെ കണ്ണൂർ, കാസർകോട് ജില്ലയുടെ മലയോര മേഖലകളിൽ ഉള്‍പ്പെടെ മഴക്കാല ടാപ്പിങ്​ ഊര്‍ജിതമായിട്ടുണ്ട്.

ദീർഘകാലമായി ടാപ്പിങ്ങിന്​ നൽകുന്ന കൂലി പോലും ലഭിക്കാത്ത സാഹചര്യത്തില്‍ ഉടമക്കും തൊഴിലാളിക്കും പകുതി വീതം ലഭിക്കുന്ന തരത്തിലേക്ക് ടാപ്പിങ്​ കൂലി വെട്ടിക്കുറച്ചിരുന്നു. വിലത്തകര്‍ച്ച മൂലം ടാപ്പിങ്​ നടത്താത്ത തോട്ടങ്ങൾ നിരവധിയായിരുന്നു. വില ഉയർന്നതോടെ തോട്ടം മേഖലയിലും ഉണർവായി. റബർ വില ഇടിഞ്ഞതോടെ നിരവധിപേര്‍ റബർകൃഷി ഉപേക്ഷിച്ച്‌ തോട്ടങ്ങളില്‍ മറ്റു വിളകളും കൃഷി ചെയ്തുതുടങ്ങിയിരുന്നു. റബർ ഉപേക്ഷിച്ച് കർഷകർ കശുമാവ് കൃഷിയിലേക്കാണ് കടന്നത്.

മഴയും വെള്ളപ്പൊക്കവും കാരണം വിദേശ ഉൽപാദനം ഗണ്യമായി കുറഞ്ഞതും റബര്‍ വിലവര്‍ധനക്ക് കാരണമായിട്ടുണ്ട്. റബര്‍ വില ഉയരുമ്പോഴും ടയര്‍ കമ്പനികൾ റബര്‍ വാങ്ങിക്കൂട്ടാന്‍ കാണിക്കുന്ന ഉത്സാഹം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും പ്രതീക്ഷയേകുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നാലാംതരം റബറിന് കിലോക്ക് 242 രൂപവരെയായി ഉയര്‍ന്നിരുന്നു. ഈ മഴക്കാലത്ത്​ ഇത്​ 118 രൂപ വരെയായി വില താഴ്ന്നിരുന്നു. ഇതാണിപ്പോൾ 155 ആയി ഉയര്‍ന്നത്. റബർ വിലയിൽ വരും നാളുകളിൽ കൂടുതൽ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ റബർ കർഷകർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.