ബാങ്കിൽ നിന്ന് ലഭിച്ച ജപ്തി നോട്ടീസുമായി പാലുകാച്ചി
മലയിലെ തെങ്ങുംപള്ളിൽ മത്തായി കുര്യൻ
കേളകം: വന്യമൃഗശല്യത്തിലും ജപ്തി ഭീഷണിയിലും ദുരിതത്തിലായി പാലുകാച്ചി മലയിലെ വയോധിക ദമ്പതികൾ. ചുങ്കക്കുന്നിൽനിന്ന് നാല് കി.മീറ്റർ ദൂരത്തിലാണ് പാലുകാച്ചി മലയിൽ താമസിക്കുന്ന തെങ്ങുംപള്ളിൽ മത്തായി കുര്യന്റെ വീട്. ആദ്യത്തെ രണ്ട് കി.മീറ്റർ റോഡ് ടാറിങ്ങും ബാക്കി വരുന്ന അര കി.മീറ്റർ ഭാഗം കോൺക്രീറ്റ് ചെയ്തതുമാണ്.
പക്ഷേ, ഇവിടെ നിന്ന് ഒന്നര കി.മീറ്റർ ദൂരം ദുർഘടം പിടിച്ച തകർന്ന മൺ പാതയിലൂടെ സഞ്ചരിച്ച് ചെകുത്തായുള്ള കയറ്റം കയറി വേണം വീട്ടിലെത്താൻ. വഴിയുടെ ഇരുവശങ്ങളും കാട് പിടിച്ചനിലയിലാണ്. മത്തായിക്ക് 77 വയസ്സും ഭാര്യ പെണ്ണമക്ക് 75 വയസ്സുമുണ്ട്.
1975ലാണ് ഇവർ പാലുകാച്ചി മലയിൽ താമസം ആരംഭിക്കുന്നത്. അന്ന് 21 ലധികം വീടുകൾ ഈ പരിസര പ്രദേശങ്ങളിൽ ഉണ്ടായിരുന്നു.
എന്നാൽ, 2004 ൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് 20 കുടുംബങ്ങളും സ്ഥലവും വീടും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറി.എന്നാൽ, മത്തായിക്ക് സാമ്പത്തിക പ്രശ്നം കാരണം പോകാനും സാധിച്ചില്ല. അന്ന് മുതൽ രണ്ട് കി.മീറ്റർ ദൂരത്തിനുള്ളിൽ വീടുകളോ അയൽവാസികളോ ഒന്നും ഇല്ലാതെ ഏകാന്ത ജീവിതം തള്ളി നീക്കുകയാണ് ഇവർ.
വീടിന്റെ മുറ്റത്ത് പുലി വന്നതും കടുവയെ നേരിട്ട് കണ്ടതും മത്തായി ഓർത്തെടുത്തു. കുരങ്ങ്, കാട്ടുപന്നി, മലാൻ എന്നിവയുടെ ശല്യം വെറെ. മത്തായിയുടെ പെൻഷൻ കിട്ടുന്ന തുകയും സ്ഥലത്തെ ചെറിയ കൃഷിയുടെ വരുമാനവും മാത്രമാണ് ജീവിതം മാർഗം.
ഭാര്യ പെണ്ണമ്മക്ക് ആധാർ കാർഡ് ഇല്ലാത്തതിനാൽ ഇതുവരെ പെൻഷൻ ശരിയാക്കിയിട്ടില്ല. രണ്ട് പെൺമക്കളാണ് മത്തായിക്ക്. ആകെയുണ്ടായിരുന്ന സ്ഥലവും വീടും സർവിസ് സഹകരണ ബാങ്കിൽ പണയപ്പെടുത്തി വർഷങ്ങൾക്ക് മുമ്പ് 60,000 രൂപ ലോണെടുത്തിരുന്നു.
തുടർന്ന് 12000 രൂപ മാത്രം അടച്ചുവെങ്കിലും പിന്നീട് അടക്കാൻ സാധിച്ചില്ല. ഇതേതുടർന്ന് കേസും കോടതിയും എല്ലാമായി ദുരിതത്തിലായി.
ഒടുവിൽ 10 സെന്റ് സ്ഥലവും വീടും ഒഴികെ ബാക്കിയുള്ളവ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടെങ്കിലും അധികൃതർ നടപടിയെടുത്തില്ല. എന്നാൽ, ഈ വർഷം ബാങ്ക് രണ്ട് നോട്ടീസ് അയച്ചിരിക്കുകയാണ്. 10 ദിവസത്തിനകം മുതലും പലിശയും അടക്കം 1,60,000 ത്തിലധികം രൂപ അടക്കണമെന്നും അല്ലാത്ത പക്ഷം വീടും സ്ഥലവും ജപ്തി ചെയ്യുമെന്നുമാണ് നോട്ടീസ്. വേണമെങ്കിൽ ജപ്തി ചെയ്തോട്ടെയെന്നും രോഗിയായ ഭാര്യയെയും കൊണ്ട് ഏങ്ങോട്ട് പോകുമെന്നും മത്തായി വേദനയോടെ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.