കേളകം: ആറളം പുനരധിവാസമേഖല ആദിവാസികളുടെ ജീവനെടുക്കുന്ന മരണമേഖലയായിരിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ കാട്ടാനയുടെ കലിയിൽ പൊലിഞ്ഞത് 14 ജീവനുകളാണ്. അംഗഭംഗം വന്നവരും മരിക്കാതെ മരിച്ചു ജീവിക്കുന്നവരും ഏറെയുണ്ട്. ആറളം വന്യജീവി സങ്കേതത്തിലുള്ളതിനേക്കാൾ ആനകൾ അധിവസിക്കുന്ന ഇടമായി ആറളം ഫാം മാറിയിട്ടുണ്ട്.
കൃത്യമായ കണക്കില്ലെങ്കിലും അമ്പതിലേറെ ആനകളാണ് ഫാം അധീന മേഖലയിലും പുനരധിവാസ മേഖലയിലുമുള്ളത്. വർഷം കഴിയുന്തോറും ഇവയുടെ എണ്ണവും ആക്രമണവും കൂടിവരുന്നുവെന്ന് ഇവിടെയുള്ളവർ പറയുന്നു. ഇവിടങ്ങളിൽനിന്ന് ആറളം, മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകളിലും കാട്ടാനകൾ എത്തുന്നത് നിത്യസംഭവമായി മാറി. കാട്ടാനകളിൽനിന്ന് ആറളം ഫാമിനെ സംരക്ഷിക്കാനുള്ള ആനമതിൽ നിർമാണം ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും പൂർത്തീകരിക്കാതെ ഇഴയുകയാണ്.
ആറളത്ത് പുറത്തിറങ്ങാനാവാത്ത ദുരിതത്തിലാണ് പുനരധിവാസ മേഖലയിലെ ആയിരക്കണക്കിന് ആദിവാസികളുടെ ജീവിതം. പുറത്തിറങ്ങിയാൽ ആനപ്പിടിയിലാവുമോ എന്ന ഭയത്താൽ കഴിയുകയാണ് ആദിവാസി ജനത. കാർഷിക വിളകൾ ചവിട്ടിമെതിച്ചും വീടുകൾ തകർത്തും വിഹരിക്കുന്ന ആനക്കൂട്ടങ്ങളെ തുരത്തുന്നതിൽ അധികൃതരുടെ വീഴ്ചയുടെ പരിണിത ഫലമാണ് ഓരോ ജീവനും കാട്ടാനകളുടെ ചവിട്ടടിയിൽ ഇല്ലാതാവുന്നത്. 2014 ഏപ്രിൽ 20ന് ബ്ലോക്ക് 11ലെ ആദിവാസി മാധവിയാണ് ആദ്യം ആനയുടെ കുത്തേറ്റ് മരിക്കുന്നത്.
തുടർന്ന് 2015 മാർച്ച് 24ന് ബ്ലോക്ക് ഏഴിലെ ബാലനെയും കാട്ടാന കുത്തിവീഴ്ത്തി. ഫാമിൽ ഏറ്റവും കൂടുതൽ പേർ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത് 2017ലാണ്. അഞ്ചുപേരെയാണ് കാട്ടാനകൾ കൊന്നത്. പിന്നീടുള്ള വർഷങ്ങളിലും കാട്ടാനകളുടെയും വന്യജീവികളുടെയും ആക്രമണം കൂടിക്കൂടിവരുകയായിരുന്നു.
കാട്ടുപന്നി കുത്തി ഒരാളും മലാൻ കുറുകെ ചാടി മറ്റൊരാളും ഫാം മേഖലയിൽ മരിച്ചിരുന്നു. ഒടുവിലായി ഫാം 13ലെ വെള്ളി-ലീല ദമ്പതികളും കാട്ടാനകളുടെ പിടിയിൽ ജീവൻ പൊലിഞ്ഞതോടെ ഭീതിയിലാണ് ആദിവാസികൾ. ഓരോ ആക്രമണത്തിനുശേഷവും കടുത്ത പ്രതിഷേധം ഉയരുമ്പോൾ അധികൃതർ ഉണരുമെങ്കിലും പരിഹാരത്തിന് കാര്യമായ നടപടികളുണ്ടാവുന്നില്ല. ഓരോ പുലരിയിലും ജീവൻ നഷ്ടപ്പെടുമെന്ന് ഭയന്നാണ് ആറളത്ത് ആദിവാസികൾ ഉണരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.