കണ്ണൂർ കലങ്ങുന്നു; നടപടി കടുപ്പിക്കാൻ പൊലീസ്
കണ്ണൂർ: നീണ്ട ഇടവേളക്ക് ശേഷം വീണ്ടും രാഷ്ട്രീയച്ചൂടിലും അക്രമത്തിലും കണ്ണൂർ കലങ്ങുന്നു. യൂത്ത് കോൺഗ്രസ് - ഡി.വൈ.എഫ്.ഐ പ്രവർത്തകർ നേർക്കുനേർ വെല്ലുവിളിയോടെയാണ് നിലവിൽ കണ്ണൂരിൽ സംഘർഷത്തിനിറങ്ങിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ മന്ത്രി ഒ.ജെ ജനീഷിനെ വ്യാഴാഴ്ച തളിപ്പറമ്പിലും പയ്യന്നൂരിലുമടക്കം തടഞ്ഞ് ഭീഷണി മുഴക്കുകയും മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. പഴയ സംഘർഷം തലപൊക്കുമെന്ന സ്ഥിതി വന്നതോടെ നടപടി കടുപ്പിക്കാനുള്ള നീക്കം പൊലീസും തുടങ്ങിയിട്ടുണ്ട്.
വ്യാഴാഴ്ച മന്ത്രിയെ തടഞ്ഞതിനു പിന്നാലെ കണ്ണൂരിൽ ഡി.വൈ.എഫ്.ഐ കൊടി കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധവും നടന്നു. തുടർന്ന് ജില്ലയിൽ പലയിടത്തും പരസ്പരം ബോർഡുകൾ നശിപ്പിക്കലും ഏറ്റുമുട്ടലും നടന്നു. ശ്രീകണ്ഠപുരം പൊടിക്കളത്ത് ഡി.വൈ.എഫ്.ഐ - യൂത്ത് കോൺഗ്രസ് ഏറ്റുമുട്ടലിൽ കോൺഗ്രസിന്റെ വനിതാ നഗരസഭ കൗൺസിലർക്കും രണ്ട് പ്രവർത്തകർക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. രാത്രിയിൽ കണ്ണൂരിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധത്തിനിടെ കോൺഗ്രസ് ബോർഡുകളും നശിപ്പിച്ചിരുന്നു.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി കണ്ണൂരിലെത്തിയപ്പോൾ ഉണ്ടായ സി.പി.എം അക്രമത്തിനു ശേഷം ആദ്യമായാണ് ഒരു മന്ത്രിയെ അക്രമിക്കാൻ ശ്രമം നടന്നത്. മന്ത്രിയായിരിക്കെ വീണാ ജോർജിനെ യൂത്ത് കോൺഗ്രസ് അക്രമിച്ചുവെന്ന പ്രചരണവും കേസും ഇവിടെ ഉണ്ടായെങ്കിലും അത് വ്യാജ കേസായി മാറുന്നതാണ് പിന്നീട് കണ്ടത്. പിന്നാലെ വീണ്ടും അന്വേഷിക്കാൻ പുതിയ പൊലീസ് സംഘത്തെ യു.ഡി.എഫ് സർക്കാർ നിയോഗിക്കുകയും ചെയ്തു.
മുൻകാലങ്ങളിലും പ്രതിപക്ഷ സംഘടനകൾ മന്ത്രിമാർക്ക് നേരെ കരിങ്കൊടി കാട്ടാറുണ്ട്. വ്യാഴാഴ്ചയും അതുണ്ടായി. തുടർന്ന് അത് അക്രമത്തിന് വഴിമാറുകയായിരുന്നു. ശ്രീകണ്ഠപുരം പൊടിക്കളത്ത് കോൺഗ്രസ് കൊടിയിൽ പെയിന്റടിച്ച് ഡി. വൈ എഫ്.ഐയെന്ന് എഴുതിയത് യുത്ത് കോൺഗ്രസ് ചോദ്യം ചെയ്തതാണ് വ്യാഴാഴ്ച രാത്രിയിൽ സംഘർഷത്തിലേക്ക് നയിച്ചത്. കൊടി പറിക്കലും ബോർഡ് നശിപ്പിക്കലും ഭീഷണിയും വെളളിയാഴ്ചയും തുടർന്നു. സംഭവങ്ങളിൽ പലയിടത്തും പൊലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ വെള്ളിയാഴ്ച വൈകീട്ട് ശ്രീകണ്ഠപുരത്ത് ഡി.വൈ.എഫ്.ഐ - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളിയും വെല്ലുവിളിയും നടന്നു. വെല്ലുവിളിക്കിടെ പിടിവലിയും കല്ലേറും നടന്നു. ഭരണ പ്രതിപക്ഷ സംഘടനകൾ വലിയ സംഘർഷത്തിന് ഒരുങ്ങുന്ന സാഹചര്യം നിലവിലുണ്ട്. പൊലീസ് രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് ജില്ലയിൽ കനത്ത സുരക്ഷയൊരുക്കി പ്രശ്നങ്ങൾ ഒഴിവാക്കാനും അക്രമമുണ്ടായാൽ കർശന നടപടിയെടുക്കാനുമാണ് പൊലീസ് ഒരുങ്ങുന്നത്. മന്ത്രിമാരുടെ പരിപാടിയുള്ള ദിവസങ്ങളിൽ കൂടുതൽ പൊലീസിനെയിറക്കുവാനും തീരുമാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.