ഇന്ന് ഗാന്ധിജയന്തി; ഇതാ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ആ ശബ്ദ സാന്നിധ്യം
പയ്യന്നൂർ: 1934ൽ മഹാത്മാഗാന്ധി പയ്യന്നൂർ സന്ദർശിച്ചപ്പോൾ പ്രസംഗത്തിന് ഉപയോഗിച്ച മൈക്ക്, ഹോൺ, ആംപ്ലിഫയർ എന്നിവ കണ്ടെടുത്ത് പ്രദർശിപ്പിച്ചപ്പോൾ പയ്യന്നൂരിന്റെ ഗാന്ധിജയന്തി ആഘോഷം ചരിത്രത്തിന്റെ ഭാഗം. ഗ്രാമം പ്രതിഭയുടെ രണ്ട് ദിവസം നീളുന്ന ഗാന്ധി ജയന്തി ആഘോഷത്തിന് മഹാദേവ ഗ്രാമത്തിൽ തുടക്കം കുറിച്ച വ്യാഴാഴ്ചയാണ് അമൂല്യ ഉച്ചഭാഷിണി ഉപകരണങ്ങൾ പ്രദർശിപ്പിച്ചത്.
ഗ്രാമം പ്രതിഭ അംഗവും പ്രമുഖ ശിൽപിയുമായ പാലക്കീൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ പുരാവസ്തു ശേഖരത്തിൽനിന്നാണ് ഈ അപൂർവ വസ്തുക്കൾ കണ്ടെത്തിയത്.
തലശ്ശേരിയിൽ ലൈറ്റ് ആൻഡ് സൗണ്ട് നടത്തുന്ന വ്യക്തിയാണ് ഇത് വാസുദേവൻ നമ്പൂതിരിയെ ഏൽപ്പിക്കുന്നത്. വിദേശ നിർമിതമായ ഈ ഉപകരണങ്ങളുടെ പ്രദർശന ഉദ്ഘാടനം പ്രമുഖ ഗാന്ധിയൻ പത്മശ്രീ വി.പി. അപ്പുകുട്ടപ്പൊതുവാൾ നിർവഹിച്ചു.
ഗ്രാമം പ്രതിഭ പ്രസിഡൻറ് പി.യു. രാജൻ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ പാലക്കീൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരി, പത്രപ്രവർത്തകൻ ടി. ഭരതൻ, സി.കെ. സുരേന്ദ്രൻ എന്നിവരെ അപ്പുക്കുട്ടപൊതുവാൾ പൊന്നാട അണിയിച്ച് ആദരിച്ചു. അനിരുദ്ധൻ, ബി.എൻ. ശ്രീജ,വി.പി. മിനി
എന്നിവർ സംസാരിച്ചു ടി. ഭരതൻ, പാലക്കീൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരി, സി.കെ സുരേന്ദ്രൻ മറുപടി പ്രസംഗം നടത്തി. പി.യു. മനോഹരൻ സ്വാഗതവും അനിൽ പുത്തലത്ത് നന്ദിയും പറഞ്ഞു.
വെള്ളിയാഴ്ച പയ്യൂന്നൂരിൽ ഖാദിക്ക് ബീജാവാപം ചെയ്ത ഗ്രാമം വെസ്റ്റിലെ വണ്ണാടിൽ മിത്തിലെ വീട്ടിൽ നൂൽനൂൽപ് പുനരാവിഷ്കരിക്കും. കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.