കണ്ണിൽ മുളക് സ്പ്രേ തളിച്ച് കാറും പണവും കവർന്ന രണ്ടുപേർ അറസ്റ്റിൽ
കൊട്ടിയൂർ/കൽപറ്റ: കണ്ണിൽ മുളക് സ്പ്രേ തളിച്ച് വഴിയിൽ തടഞ്ഞുനിർത്തി കാറും പണവും കവർന്ന സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി മൂത്തേടത്ത് താഴെകുനിയിൽ എം.കെ. രഞ്ജിത്ത് (32), മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി സൗരവ് സുനിൽ (26) എന്നിവരാണ് പിടിയിലായത്.
കൊടുവള്ളി സ്വദേശിയായ ജാഫറിന് നേരെ മീനങ്ങാടി ചില്ലിങ് പ്ലാന്റിന് സമീപത്ത് വെച്ചായിരുന്നു കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. കർണാടകയിലെ ബേഗൂരിൽ നിന്ന് കൊടുവള്ളിയിലേക്ക് മടങ്ങുകയായിരുന്ന ജാഫറിനെ രണ്ട് വാഹനങ്ങളിലായെത്തിയ പത്തംഗ ആയുധധാരികളായ സംഘം തടഞ്ഞുനിർത്തുകയായിരുന്നു.
ആക്രമണത്തിന് ശേഷം ജാഫറിന്റെ ഇന്നോവ കാറും അതിലുണ്ടായിരുന്ന 21,000 രൂപയും പ്രതികൾ തട്ടിയെടുക്കുകയായിരുന്നു.
അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ സംഘത്തെ കണ്ടെത്താൻ പൊലീസ് അതിർത്തി കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി. കൊട്ടിയൂർ നീണ്ടുനോക്കി ഭാഗത്തുവെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറുകൾ തടഞ്ഞെങ്കിലും സംഘത്തിലെ പലരും ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ, ബാവലി പുഴയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച സൗരവിനെയും സമീപ പ്രദേശത്തുണ്ടായിരുന്ന രഞ്ജിത്തിനെയും പിടികൂടുകയായിരുന്നു. തട്ടിയെടുത്ത ഇന്നോവ കാർ കേളകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സീറ്റുകൾ കുത്തിപ്പൊളിച്ച് ചില്ലുകൾ തകർത്ത നിലയിലായിരുന്നു വാഹനം.
പ്രതികൾ ഉപയോഗിച്ച കാറുകളിൽ വ്യാജ നമ്പർ പ്ലേറ്റുകളായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പി എം.എം. അബ്ദുൽ കരീം, മീനങ്ങാടി സി.ഐ. ബിജു ആൻ്റണി, എസ്.ഐ. സന്തോഷ്, കേളകം എസ്.ഐ. വർഗീസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.