സംസ്ഥാന പാതയിൽ കുറുമാത്തൂർ കാമറ പരിസരത്തെ വെള്ളക്കെട്ട്

ശ്രീകണ്ഠപുരം: തളിപ്പറമ്പ്-ശ്രീകണ്ഠപുരം-ഇരിട്ടി സംസ്ഥാന പാതയിൽ റോഡരികിൽ ഓടയില്ലാത്തതിനാൽ മഴപെയ്താൽ വെള്ളം റോഡിൽ തന്നെ. പോരാത്തതിന് പല ഭാഗങ്ങളിലും വലിയ കുഴികൾ. നടപ്പാതപോലുമില്ലാത്തതിനാൽ റോഡിന്റെ വശങ്ങളിൽ നിറയെ കാടും കയറിയിട്ടുണ്ട്. സംസ്ഥാന പാതയിലെ കരിമ്പം, കുറുമാത്തൂർ, നിടുമുണ്ട, വളക്കൈ, നിടുവാലൂർ, ചേരൻകുന്ന്, ചെങ്ങളായി, പരിപ്പായി, ശ്രീകണ്ഠപുരം, കോട്ടൂർ, കണിയാർവയൽ, പെരുവളത്തുപറമ്പ് ഭാഗങ്ങളിലെല്ലാം മഴയിൽ ദുരിതയാത്രയാണ്. ഓടയില്ലാത്തതിനാൽ വെള്ളം മുഴുവൻ റോഡിലൂടെയാണ് ഒഴുകുന്നത്.

ഈ ഭാഗങ്ങളിലൂടെ കാൽനടക്കാരുടെ ദേഹത്ത് ചളിവെള്ളം തെറിപ്പിച്ചാണ് വലിയ വണ്ടികൾ കടന്നു പോകുന്നത്. കുറുമാത്തൂരിൽ കാമറ ഭാഗത്തും വളക്കൈ കള്ളുഷാപ്പ് ഭാഗത്തും നിടുവാലൂരിലും ചെങ്ങളായി മാർക്കറ്റ് പരിസരത്തും ദിവസങ്ങളോളം റോഡിൽ വെള്ളം കെട്ടിനിൽക്കുന്ന കാഴ്ചയാണുള്ളത്. വർഷങ്ങൾക്കുമുമ്പേ നിർമിച്ച റോഡിന്റെ വശങ്ങളിൽ ശാസ്ത്രീയ ഓവുചാലുകൾ ഒരുക്കാത്തതാണ് ദുരിതത്തിന് കാരണം. കുറുമാത്തൂർ, നിടുമുണ്ട ഭാഗങ്ങളിലടക്കം വലിയ കള്ളക്കുഴികളിൽ നിരവധി ഇരുചക്ര വാഹനങ്ങൾ വീഴുകയും യാത്രികർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വീതികുറഞ്ഞ പാതയോരത്ത് നാമമാത്ര ടൗണുകളിലൊഴിച്ചാൽ ഒരിടത്തും നടപ്പാതയുമില്ല. കരിമ്പം മുതൽ കുറുമാത്തൂർ വരെയും നിടുമുണ്ട ഭാഗങ്ങളിലും നിടുവാലൂർ‌, ചേരൻകുന്ന് ഭാഗങ്ങളിലുമെല്ലാം റോഡിന്റെ വശങ്ങളിൽ മുള്ളും കാടും കയറിക്കിടക്കുകയാണ്. എതിർവശങ്ങളിൽ നിന്നുള്ള വാഹനങ്ങൾപോലും കാണാൻ സാധിക്കാത്ത അവസ്ഥയാണ് ചേരൻകുന്ന് വളവിലുള്ളതെന്ന് ഡ്രൈവർമാർ പറയുന്നു. നടപ്പാതയില്ലാത്തതിനാൽ ഇവിടങ്ങളിലെല്ലാം വയോധികരും കുട്ടികളുമുൾപ്പെടെയുള്ള കാൽനടക്കാ മുൾപ്പടർപ്പിലൂടെ നടക്കേണ്ട ഗതികേടാണുള്ളത്. മൈസൂരു ഭാഗങ്ങളിൽ നിന്നടക്കം കാസർകോട് ഭാഗത്തേക്ക് പോകേണ്ട വലിയ ലോറികൾ റോഡിൽ കുടുങ്ങി ഗതാഗതം തടസ്സപ്പെടുന്നതും പതിവാണ്‌. പല ഭാഗങ്ങളിലും രണ്ട് ബസുകൾക്ക് ഒരേസമയം കഷ്ടിച്ച് കടന്നുപോകാനുള്ള വീതി മാത്രമാണുള്ളത്. തളിപ്പറമ്പ് മുതൽ ഇരിട്ടി വരെ മിക്കയിടങ്ങളിലും റോഡിനിരുവശങ്ങളിൽ നിരവധി ചെറുതും വലുതുമായ മരങ്ങൾ വീഴാനൊരുങ്ങി നിൽക്കുന്നുണ്ട്. ഇത്തവണ കനത്ത മഴയിൽ വളക്കൈ കാപ്പുങ്കരയിൽ കൂറ്റൻ മരം റോഡിലേക്കുവീണ് വൻ ദുരന്തം വഴിമാറുകയായിരുന്നു. മരം വീണതിനെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം മുടങ്ങിയതിനാൽ വളക്കൈ-നിടുവാലൂർ വഴി തിരിച്ചുവിടുകയായിരുന്നു. ചിലയിടങ്ങളിൽ റോഡിലേക്ക് കുന്നിടിഞ്ഞ് മണ്ണും മരവും പതിക്കുന്നുണ്ട്‌.

അപകട ഭീഷണിയുയർത്തുന്ന കുന്നുകളും മരങ്ങളും നീക്കം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്. ഈ പാതയിലെ ദുരിതങ്ങളെപ്പറ്റി ഡ്രൈവർമാരും യാത്രക്കാരും പലതവണ പരാതി അറിയിച്ചിട്ടും പൊതുമരാമത്ത് വകുപ്പ് പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.

കഴിഞ്ഞ വർഷവും ഇതേ സ്ഥിതിയുണ്ടായിട്ടും അപകടങ്ങൾ നടന്നിട്ടും ബന്ധപ്പെട്ടവർ മൗനംനടിക്കുകയാണ്. ഇത് ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.

Tags:    
News Summary - kannur State highway condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.