ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഉ​ല്ലാ​സ​യാ​ത്ര​യി​ൽ

പ​​ങ്കെ​ടു​ത്ത​വ​ർ വി​മാ​ന​ത്തി​ൽ

മറൈൻ ഡ്രൈവിലെ ബോട്ടിങ്ങാണ് കലക്കിയത്... ഉല്ലാസ യാത്രാനുഭവങ്ങൾ പങ്കുവെച്ച് വയോജനങ്ങൾ

കണ്ണൂർ: ''വിമാനത്തിന്റെ ഉള്ളിൽ കയറിയാൽ സംഭവം ആകാശത്തൂടെ പോകുന്നുണ്ടോന്നുതന്നെ സംശയാ, ട്രെയിൻ യാത്ര തന്നെയാണപ്പാ നല്ലത്. തൃപ്പൂണിത്തുറ ഹിൽപാലസും കൊച്ചി മെട്രോയും ഗംഭീരമാണെങ്കിലും മറൈൻ ഡ്രൈവിലെ ബോട്ടിങ്ങാണ് കലകലക്കിയത്...'' 81കാരൻ താളിക്കാവ് സ്വദേശി സുരേന്ദ്രനും ഹാഷിമും ധനലക്ഷ്മിയും കൗമുദിയുമെല്ലാം ജീവിതസായാഹ്നത്തിൽ നടത്തിയ യാത്രയെക്കുറിച്ചുള്ള സംസാരത്തിലാണ്. കണ്ണൂർ കോർപറേഷൻ വയോജനങ്ങൾക്കായി സംഘടിപ്പിച്ച ഉല്ലാസയാത്രയിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ് ഇവരടക്കം 23പേർ. ട്രെയിൻ-മെട്രോ- വിമാനയാത്ര അനുഭവങ്ങളുമായി കോർപറേഷൻ കൗൺസിൽ ഹാളിൽ ഒത്തുചേർന്നവർ അനുഭവങ്ങൾ പങ്കുവെച്ചു.

കോർപറേഷൻ സായംപ്രഭ പകൽവീടിന്റെയും സാമൂഹികനീതി വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് കൊച്ചിയിലേക്ക് ട്രെയിനിലും വിമാനത്തിലുമായി ഉല്ലാസയാത്ര നടത്തിയത്. ആദ്യമായി വിമാനത്തിൽ കയറിയതിന്റെ ആശ്ചര്യവും ആനന്ദവും പലർക്കുമുണ്ടായിരുന്നു. ആട്ടവും പാട്ടുമൊക്കെയായി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. വയോജനങ്ങളോടൊപ്പം ഡോക്ടറും നഴ്സുമാരും കെയർടേക്കറും സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥരും സഹായിയും ഉൾപ്പെടെ 30 പേരാണ് ശനിയാഴ്ച രാവിലെ 4.40നുള്ള ജനശതാബ്ദി എക്സ്പ്രസിൽ കൊച്ചിയിലേക്ക് യാത്രതിരിച്ചത്.

മറൈൻഡ്രൈവിലെ ബോട്ടിങ്ങും തൃപ്പൂണിത്തുറ ഹിൽപാലസ് സന്ദർശനവും മെട്രോ യാത്രയും കഴിഞ്ഞ് വൈകീട്ട് 6.45നുള്ള ഇൻഡിഗോ വിമാനത്തിലാണ് കണ്ണൂരിലേക്ക് മടങ്ങിയത്. കോർപറേഷൻ നൽകിയ സ്വീകരണ പരിപാടി ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. ഷമീമ അധ്യക്ഷത വഹിച്ചു. ശാഹിന മൊയ്തീൻ, എം.പി. രാജേഷ്, സുരേഷ് ബാബു എളയാവൂർ, കെ.പി. റാഷിദ്, പി.വി. ജയസൂര്യൻ, ചിത്തിര ശശിധരൻ, മിനി അനിൽകുമാർ, കെ. നിർമല, സി.എം. പത്മജ, കെ. സീത, പി. കൗലത്ത്, പനയൻ ഉഷ, കെ. പ്രദീപ് കുമാർ, ഡോ. ആൻസിയ അഷ്‌റഫ്‌, കെ. ശ്രീലത, സജ്‌ന ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Kannur Corporation conducted a picnic for the elderly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.