കണ്ണൂർ: പാതിവിലക്ക് ഇരുചക്രവാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ ജില്ലയിൽ സീഡ് സൊസൈറ്റികൾ വഴി പണമടച്ചവർക്ക് നഷ്ടമായത് 14.85 കോടി രൂപ. പാതിവില തട്ടിപ്പിലെ മുഖ്യപ്രതികളായ കെ.എൻ. ആനന്ദ് കുമാർ, അനന്തുകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള എൻ.ജി.ഒ കോൺഫെഡറേഷന്റെ ഇംപ്ലിമെന്റ് ഏജൻസിയായ സ്പിയാർഡ്സിന്റെ കീഴിലാണ് വിവിധ ബ്ലോക്കുകളിലായി സീഡ് സൊസൈറ്റികൾ രൂപവത്കരിച്ച് പ്രവർത്തിച്ചത്.
സ്പിയാർഡ്സിന്റെ നിർദേശ പ്രകാരം ആളുകളുടെ പണം അനന്തുകൃഷ്ണന് നേരിട്ട് അയച്ചുകൊടുത്തതായും തട്ടിപ്പിൽ സീഡ് സൊസൈറ്റി പ്രൊമോട്ടർമാരും കോഓഡിനേറ്റർമാരും ഇരകളാണെന്നും ജില്ല പ്രോജക്ട് മാനേജർ പി. രാജമണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2026 പേരാണ് സ്കൂട്ടറിനായി സൊസൈറ്റി വഴി പണം അടച്ചത്. പതിനായിരത്തിലധികം അംഗങ്ങളിൽനിന്നായി 320 രൂപ വീതം 32 ലക്ഷം രൂപ സൊസൈറ്റി അംഗത്വ തുകയായി പിരിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്നും തട്ടിപ്പിന് ഇരയായവരുടെ പണം വീണ്ടെടുക്കാൻ നിയമ സംവിധാനങ്ങൾക്കൊപ്പം നിൽക്കുമെന്നും സീഡ് ഭാരവാഹികൾ പറഞ്ഞു. കോഓഡിനേറ്റർമാരായ സുബൈർ, പി. സമീർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.