ജീവനക്കാരെയും യാത്രക്കാരെയും പരിഭ്രാന്തിയിലാക്കി കണ്ണൂര്‍ വിമാനത്താവളത്തിൽ എമര്‍ജന്‍സി മോക്ഡ്രിൽ
മട്ടന്നൂർ: ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിനു കണ്ണൂര്‍ വിമാനത്താവളത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ഫുള്‍ സ്കെയില്‍ എമര്‍ജന്‍സി എക്സര്‍സൈസ് വിമാനത്താവള ജീവനക്കാരെയും യാത്രക്കാരെയും പ്രദേശവാസികളെയും കുറച്ചുനേരത്തേക്ക് പരിഭ്രാന്തിയിലാഴ്ത്തി.
കണ്ണൂരില്‍നിന്നു അബൂദബിയിലേക്ക് പറന്നുയരാന്‍ തയാറെടുത്ത എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വലതു ഭാഗത്തെ എന്‍ജിനില്‍ തീപിടുത്തമുണ്ടായതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മോക്ഡ്രില്ലിന് തുടക്കമായത്. സഹായത്തിനായി എയര്‍ ട്രാഫിക് കണ്ട്രോള് സര്‍വിസ് ടവറില്‍ അറിയിക്കുകയും ഉടന്‍തന്നെ വിമാനത്താവളത്തിലെ ഫയര്‍ സര്‍വിസ് യൂനിറ്റിലെ മൂന്ന് ഫയര്‍ എന്‍ജിനുകള്‍ അപകടസ്ഥലത്തെത്തി തീയണക്കുന്നതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.
തുടര്‍ന്നു വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജില്ല കലക്ടര്‍ പി. വിഷ്ണുരാജിന്റെ നേതൃത്വത്തിലുള്ള ജില്ല ദുരന്ത നിവാരണ സംവിധാനവും ഉടന്‍തന്നെ പ്രവര്‍ത്തനക്ഷമമായി. പരിസരത്തെ ആശുപത്രികളില്‍നിന്നുള്ള ആംബുലന്‍സുകളും ഡോക്ടര്‍മാരും അഗനിരക്ഷാേസനയും വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി.
വിമാനത്തിലെ തീയണക്കാനുള്ള ശ്രമം നടക്കുന്നതിനിടയില്‍ എമര്‍ജന്‍സി വാതിലിലൂടെ തീപ്പൊള്ളലേറ്റ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റ പത്തു പേരെയും നിസ്സാര പരിക്കുകളോടെ 24 പേരെയും ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റു 40 പേരെയുമാണ് വിമാനത്തില്‍നിന്ന് പുറത്തെത്തിച്ചത്. അപ്പോഴേക്കും ഗുരുതരമായി തീപ്പൊള്ളലേറ്റ ഒരാള്‍ മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റി. മോക്ഡ്രില്‍ അവസാനിച്ചതിന് ശേഷം ജില്ല കലക്ടറുടെ നേതൃത്വത്തില്‍ നടപടികളുടെ അവലോകനം നടന്നു. വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എല്ലാ ഏജന്‍സികളെയും ഇലക്ട്രോണിക് മെസേജിങ് സംവിധാനം വഴി കൃത്യമായി അറിയിക്കാന്‍ കഴിഞ്ഞുവെന്നത് വലിയ നേട്ടമായി യോഗം വിലയിരുത്തി. വിവിധ ഏജന്‍സികളുടെ ഏകോപനവും ഫലപ്രദമായി നടപ്പിലാക്കാനായി. വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് ഒത്തുചേരാനുള്ള കേന്ദ്രവും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനുള്ള മീഡിയ സെന്ററും ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു. 45ഓളം ഏജന്‍സികളില്‍നിന്നായി 500ൽ അധികം പേരാണ് എമര്‍ജന്‍സി എക്സര്‍സൈസില്‍ പങ്കാളികളായത്. എയര്‍പോര്‍ട്ട് റെസ്ക്യൂ ആന്‍ഡ് ഫയര്‍ഫൈറ്റിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇതിനായി മൂന്നു മാസം നീണ്ട വിപുലമായ ഒരുക്കവും ചര്‍ച്ചകളും നടത്തിയിരുന്നു.
ഫുള്‍ സ്കെയില്‍ എമര്‍ജന്‍സി എക്സര്‍സൈസിന് ജില്ല കലക്ടര്‍ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കലക്ടര്‍ എസ്. സ്വാതി, കിയാൽ മാനേജിങ് ഡയറക്ടര്‍ സി. ദിനേശ് കുമാര്‍, ചീഫ് ഓപറേറ്റിങ് ഓഫിസര്‍ വി.കെ. അശ്വിനി കുമാര്‍, എയര്‍പോര്‍ട്ട് റെസ്ക്യൂ ആന്‍ഡ് ഫയര്‍ഫൈറ്റിങ് തലവന്‍ വി.പി. പവിത്രന്, വിവിധ വകുപ്പ് തലവന്മാര് തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി. രണ്ടുവര്‍ഷത്തിലൊരിക്കലാണ് വിമാനത്താവളത്തിൽ ഈ രീതിയിലുള്ള എമര്‍ജന്‍സി എക്സര്‍സൈസ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.