കേളോത്ത് തറവാട്ടുകാർ പഞ്ചസാര കലം ക്ഷേത്രനടയിൽ
സമർപ്പിക്കുന്നു
ഈ പഞ്ചസാരക്ക് മാനവികതയുടെ തിരുമധുരം; ക്ഷേത്രത്തിലേക്ക് പുത്തരിക്കുള്ള പഞ്ചസാര മുസ്ലിം തറവാട്ടിൽ നിന്ന്
പയ്യന്നൂർ: പാരമ്പര്യത്തിശന്റ മധുരം നിറച്ച മൺകലവുമായി കേളോത്ത് തറവാട്ടിലെ ഷുക്കൂറും സംഘവും പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ തിരുനടയിലെത്തിയപ്പോൾ അത് അണയാത്ത മാനവികതയുടെ ദീപ്തമായ അടയാളപ്പെടുത്തലായി.
പതിവു തെറ്റാതെ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപുത്തരിക്കുള്ള പഞ്ചസാരക്കലവുമായാണ് പ്രശസ്തമായ കേളോത്ത് തറവാട്ടുകാർ ഇക്കുറിയും സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ബലിക്കല്ലിനു മുന്നിലെത്തിയത്. പയ്യന്നൂരിൽ നൂറ്റാണ്ടുകളായി തുടർന്നു വരുന്ന ഈ ആചാരം അതിർവരമ്പുകളെ തല്ലിയുടച്ച മതമൈത്രിയുടെ സന്ദേശം കൂടിയാണ്. കേളോത്ത് എന്ന ദേശത്തിന് സ്ഥല നാമം നൽകിയ പുരാതന മുസ്ലിം തറവാടാണ് കേളോത്ത് തറവാട്.
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവുമായി ബന്ധമുള്ളതാണ് ഈ തറവാട്. ഇവിടെ നിന്നാണ് തറവാട് കാരണവർ പുതിയ മൺകലത്തിൽ പഞ്ചസാര നിറച്ച് പഞ്ചസാരക്കലവുമായി പരിവാര സമേതം ക്ഷേത്രത്തിലേക്ക് വരാറുള്ളത്. ക്ഷേത്ര കല്യാണ മണ്ഡപത്തിൽ ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗങ്ങളും എക്സിക്യുട്ടീവ് ഓഫിസർ കെ.പി സുനിൽകുമാറും ജീവനക്കാരും ചേർന്ന് ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് സ്വീകരിച്ചു. വലിയ ബലിക്കല്ലിന് മുന്നിൽ തറവാട്ടുകാർ പഞ്ചസാരക്കലം സമർപ്പിച്ചു. കലവറ സൂക്ഷിപ്പുകാരൻ പഞ്ചസാരക്കലം നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ച് പെരുമാളുടെ കണക്ക് പുസ്തകത്തിൽ ചേർത്തു. ഇതിനു ശേഷം ക്ഷേത്രത്തിലെ പുത്തരി നിവേദ്യമായ അഗ്രാണത്തിലും പാൽപ്പായസത്തിലും ചേർക്കാൻ തിടപ്പള്ളിയിൽ കീഴ്ശാന്തിമാരെ ഏൽ പിച്ചതോടെയാണ് നന്മയുടെ ചരിത്രത്തിൽ സ്ഥാനപ്പെടുത്തിയ സമർപ്പണ ചടങ്ങിന് സമാപനമായത്. തറവാട്ടു കാരണവർ ഷുക്കൂർ കേളോത്തിനൊപ്പം, കെ.സി അബ്ദുൽ സലാം, റഷീദ്, അഫ്സൽ, താജുദ്ദീൻ, കബീർ എന്നിവരും ചടങ്ങിനെത്തി. ക്ഷേത്രത്തിൽ നിന്ന് തിരിച്ചുനൽകിയ പഴക്കുല ഉൾപ്പെടെ സ്വീകരിച്ചാണ് തറവാട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.