ജോ​ൺ ബ്രി​ട്ടാ​സ്, എ​ൻ. ച​ന്ദ്ര​ൻ, വ​ത്സ​ൻ പ​നോ​ളി, ബി​ജു ക​ണ്ട​ക്കൈ

കരുത്തുകൂട്ടി കണ്ണൂർ ലോബി

കണ്ണൂർ: പിണറായി വിജയൻ നയിക്കുന്ന സി.പി.എമ്മിൽ ഒരുസമ്മേളനകാലം കൂടി പിന്നിടുമ്പോൾ സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും കണ്ണൂര്‍ ആധിപത്യം പ്രകടം. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും കണ്ണൂരിന്‍റെ സാന്നിധ്യമായി നേരത്തേയുണ്ട്. മുന്‍ എം.എല്‍.എ ജെയിംസ് മാത്യു ഒഴിവാക്കപ്പെട്ടപ്പോള്‍ അഞ്ചുപേർ കണ്ണൂരില്‍ നിന്ന് പുതുതായി ഇക്കുറി സംസ്ഥാന കമ്മിറ്റിയിൽ ഇടംപിടിച്ചു. ഇതിൽ എൻ. ചന്ദ്രൻ സി.പി.എം കണ്‍ട്രോള്‍ കമീഷന്‍ കണ്‍വീനറായാണ് സംസ്ഥാന കമ്മിറ്റിയിലെത്തുക. സി.പി.എം മുന്‍ ജില്ല സെക്രട്ടറിയും മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും ലോയേഴ്‌സ് യൂനിയന്‍ നേതാവുമായ പി. ശശിയാണ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രധാനി. ഇവരെ കൂടാതെ വത്സന്‍ പനോളി, ബിജു കണ്ടക്കൈ, ജോണ്‍ബ്രിട്ടാസ് എം.പി എന്നിവരാണ് സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കണ്ണൂരിൽ നിന്നുള്ള മറ്റുള്ളവർ. ബിജു കണ്ടക്കൈയെയും ജോണ്‍ബ്രിട്ടാസിനെയും ക്ഷണിതാക്കളായാണ് സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗമായ ബിജു കണ്ടക്കൈ നേരത്തെ സി.പി.എം ജില്ല കമ്മിറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായിരുന്നു. നിലവില്‍ തിരുവനന്തപുരത്ത് എ.കെ.ജി സെന്‍ററിന്റെ ചുമതല വഹിക്കുകയാണ്. താഴേത്തട്ടിൽനിന്ന് വളർന്നുവന്ന ബിജു പാർട്ടിയിലെ തീപ്പൊരി പ്രാസംഗികനും മികച്ച യുവജന നേതാവുംകൂടിയാണ്.

പാര്‍ട്ടി ചുമതലകളൊന്നുമില്ലെങ്കിലും സി.പി.എമ്മിന്റെ രാജ്യസഭ എം.പിയാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ ബ്രിട്ടാസ്. മാധ്യമ പ്രവർത്തകനും പാർട്ടി നിയന്ത്രണത്തിലുള്ള കൈരളി ചാനലിന്‍റെ എം.ഡിയും കൂടിയാണ് ഇദ്ദേഹം. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗമായ വത്സന്‍ പനോളി ദീര്‍ഘകാലം സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറിയായിരുന്നു. കൂത്തുപറമ്പ് റൂറൽ ബാങ്ക് ജീവനക്കാരനും മികച്ച സംഘാടകനും സഹകാരിയുമായ ഇദ്ദേഹം പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. കെ.എസ്.കെ.ടി.യു സംസ്ഥാന നേതാവും റബ്കോ ചെയർമാനുമാണ്. കാസർകോട് നിന്നുള്ള പി. കരുണാകരനെയടക്കം പ്രായപരിധിയുടെ നിബന്ധനയിൽ ഒഴിവാക്കിയപ്പോൾ കണ്ണൂരിലെ മുതിർന്ന നേതാക്കളായ പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ എന്നിവരെ സെക്രട്ടേറിയറ്റിലടക്കം നില നിലനിർത്തിയതും പാർട്ടിയിൽ കണ്ണൂർ ലോബിയുടെ ആധിപത്യം വ്യക്തമായി അടിവരയിടുന്നതിന് തെളിവുകൂടിയാണ്. തളിപ്പറമ്പ് മുൻ എം.എൽ.എ ജെയിംസ് മാത്യുവിനെ അദ്ദേഹത്തിന്‍റെ അഭ്യർഥന പ്രകാരമാണ് സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയത്. ഇദ്ദേഹത്തിന്‍റെ ഭാര്യ എൻ. സുകന്യ പാർട്ടി ജില്ല സെക്രട്ടേറിയറ്റംഗവും നിലവിൽ കണ്ണൂർ കോർപറേഷൻ കൗൺസിലറുമാണ്.  

Tags:    
News Summary - CPM state committee with the strength of Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.