1. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ​വ​ഴി​മു​ട​ക്കു​ന്ന വൈ​ദ്യു​തി​ത്തൂ​ണു​ക​ൾ 2. ധ​ർ​മ​ശാ​ല കെ.​എ.​പി ക്യാ​മ്പി​ന് മു​ൻ​വ​ശ​ത്തെ വൈ​ദ്യു​ത​ിത്തൂ​ണു​ക​ൾ

ദേശീയപാത വികസനം; നടപ്പാതകളും സർവിസ് റോഡുകളും മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് ആരോപണം

കല്യാശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന നടപ്പാതകളും സർവിസ് റോഡുകളും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന ഗുരുതര ആരോപണം ഉയരുന്നു. കണ്ണൂർ റീച്ചിൽ കുറ്റിക്കോൽ മുതൽ പാപ്പിനിശ്ശേരി വരെയുള്ള ഭാഗങ്ങളിൽ നടപ്പാതകളുടെ വീതിയിൽ വലിയ വ്യത്യാസങ്ങളാണ് കാണപ്പെടുന്നത്. ഒരിടത്ത് ആവശ്യത്തിൽ കൂടുതലായും മറ്റിടങ്ങളിൽ നടക്കാൻ പോലും കഴിയാത്ത തരത്തിലും നടപ്പാതകൾ നിർമിച്ചിരിക്കുന്നെന്നാണ് പരാതി.

ദേശീയപാത വികസന രൂപരേഖ പ്രകാരം സർവിസ് റോഡും ഓവുചാലും കഴിഞ്ഞ് കുറഞ്ഞത് ഒരു മീറ്റർ വീതിയിൽ സർവിസ് റോഡുകളുടെ ഇരുവശത്തും നടപ്പാത നിർബന്ധമായും ഒരുക്കണം. എന്നാൽ പല സ്ഥലങ്ങളിലും ഏറ്റെടുത്ത ഭൂമി പൂർണമായി ഉപയോഗിക്കാതെ ഒരടി മുതൽ ഒന്നരയടി വരെ മാത്രം വീതിയുള്ള നടപ്പാതകൾ നിർമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മാങ്ങാട് മഖാമിന് സമീപമുള്ള നടപ്പാത ഇതിന്റെ ഉദാഹരണമാണ്. ഇവിടെ കാൽനടയാത്രക്കാർക്ക് നടപ്പാത ഉപയോഗിക്കാൻ കഴിയാതെ സർവിസ് റോഡിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്.

അതേസമയം, കീച്ചേരിയും വേളാപുരവും തമ്മിലുള്ള ഭാഗങ്ങളിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ വീതിയുള്ള നടപ്പാതകൾ നിർമിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഒരേ റീച്ചിൽ തന്നെ ഇത്തരമൊരു അസമത്വം നിലനിൽക്കുന്നത് നിർമാണത്തിലെ അശാസ്ത്രീയതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വഴിമുടക്കുന്ന വൈദ്യുതിത്തൂണുകൾ

നടപ്പാതകളിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതിത്തൂണുകൾ കാൽനടയാത്രക്കാർക്ക് വലിയ വെല്ലുവിളിയാണ്. കുറ്റിക്കോൽ മുതൽ മാങ്ങാട് വരെ പല സ്ഥലങ്ങളിലും തൂണുകൾ വഴിമുടക്കുന്ന നിലയിലാണ്. ചില ഭാഗങ്ങളിൽ തൂണുകൾക്കിടയിലൂടെ തലവെച്ച് കടക്കേണ്ട അവസ്ഥ നിലനിൽക്കുന്നു. തിരക്കേറിയ ധർമ്മശാല കവലയിലെ കെ.എ.പി ക്യാമ്പിന് മുന്നിലും വൈദ്യുതിത്തൂൺ നടപ്പാതയുടെ നടുവിലാണ് സ്ഥിതി ചെയ്യുന്നത്.

നടപ്പാതകൾക്കുള്ള വീതി നിർദേശം അവഗണിക്കുന്നു

ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന നടപ്പാതകൾക്ക് വ്യക്തമായ വീതി നിർദേശങ്ങൾ നിലവിലുണ്ട്. നഗര മേഖലകളിൽ കുറഞ്ഞത് 1.8 മീറ്ററും തിരക്കേറിയ പ്രദേശങ്ങളിൽ രണ്ട് മുതൽ മൂന്ന് മീറ്റർ വരെയും സ്കൂൾ,ആശുപത്രി,മാർക്കറ്റ്,ബസ് സ്റ്റോപ്പ് മേഖലകളിൽ കുറഞ്ഞത് ഒന്നര മീറ്ററും വീതിയുള്ള നടപ്പാത വേണമെന്നതാണ് മാനദണ്ഡം.

സർവിസ് റോഡുകളും മാനദണ്ഡത്തിന് താഴെ

രൂപരേഖ പ്രകാരം സർവിസ് റോഡുകൾക്ക് ഏഴ് മുതൽ 7.5 മീറ്റർ വരെ വീതിയുണ്ടാകണം. എന്നാൽ നേരിട്ടുള്ള പരിശോധനയിൽ പല ഭാഗങ്ങളിലും ടാർ ചെയ്ത സർവിസ് റോഡിന്റെ വീതി 3.8 മുതൽ അഞ്ച് മീറ്റർ വരെ മാത്രം. കുറ്റിക്കോൽ പാലത്തിന് സമീപം അഞ്ച് മീറ്റർ വീതിയുള്ള സർവിസ് റോഡ്, മാങ്ങാട് ടൗണിനടുത്ത് എത്തുമ്പോൾ 3.8 മീറ്ററിലേക്ക് ചുരുങ്ങുന്ന അവസ്ഥയാണ്.ഓവുചാലിന്റെ ഭാഗം കൂടി സർവിസ് റോഡിനായി ഉപയോഗിച്ചാൽ മാത്രമേ ആറു മുതൽ 6.5 മീറ്റർ വരെ വീതി ലഭിക്കുകയുള്ളൂ. ഇത് ഓവുചാലുകളുടെ നാശത്തിനും ഒപ്പം നടപ്പാതകൾ പൊതുജനങ്ങൾക്ക് ഉപയോഗശൂന്യമാകുന്നതിനും ഇടയാക്കുമെന്ന ആശങ്കയുയർത്തുന്നു.

ദേശീയപാത വികസനം പുരോഗമിക്കുമ്പോൾ കാൽനടയാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഇടപെട്ട് ആവശ്യമായ മാറ്റങ്ങൾ വരുത്തി ജനോപകാരവും അപകട രഹിതവുമാക്കണമെന്ന് സമീപത്തെ ജനങ്ങൾ ആവശ്യപ്പെടുന്നു.

Tags:    
News Summary - National Highway Development; Allegations that sidewalks and service roads do not meet standards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.