പ്രതിപക്ഷ ജനപ്രതിനിധികൾക്ക് ക്ഷണമില്ല; മലയോര ഗ്രാമസഭ രാഷ്ട്രീയ വിവാദമാകുന്നു

കണ്ണൂർ: ജില്ലയിലെ മലയോര പഞ്ചായത്തുകളുടെ വികസന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ചേരുന്ന മലയോര ഗ്രാമസഭ രാഷ്ട്രീയവിവാദത്തിലേക്ക്. ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച പയ്യാവൂരിൽ വിളിച്ച ഗ്രാമസഭയിലേക്ക് ജനപ്രതിനിധികളെ ക്ഷണിച്ചില്ലെന്നാരോപിച്ച് യു.ഡി.എഫ് രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

മലയോര തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ വിളിച്ചുചേർത്ത് നടത്തുന്ന പരിപാടി രാഷ്ട്രീയ താൽപര്യത്തോടെയാണെന്നും ജില്ല പഞ്ചായത്ത് സങ്കുചിത രാഷ്ട്രീയം കളിക്കുകയാണെന്നും യു.ഡി.എഫ് ജില്ല നേതൃത്വം ആരോപിച്ചു.

പരിപാടിയിൽ കണ്ണൂർ എം.പി കെ. സുധാകരനെയോ പരിപാടി നടക്കുന്ന നിയോജക മണ്ഡലത്തിലെ എം.എൽ.എ സജീവ് ജോസഫിനെയും മലയോര പഞ്ചായത്തുകൾ ഉൾപ്പെടുന്ന പേരാവൂർ എം.എൽ.എ സണ്ണി ജോസഫിനെയും ക്ഷണിക്കാത്തത് രാഷ്ട്രീയ മര്യാദയല്ലെന്നുമാണ് യു.ഡി.എഫ് ആരോപണം. മലയോര ജനതയുടെ പ്രശ്നങ്ങൾ നിയമസഭയിലടക്കം അവതരിപ്പിക്കുകയും മലയോര പഞ്ചായത്തുകളിൽ ഇടപെടുകയും ചെയ്യുന്ന ജനപ്രതിനിധികളെ ഗ്രാമസഭയിൽ ക്ഷണിക്കാത്തതിൽ നാട്ടുകാർക്കും അമർഷമുണ്ട്.

എല്ലാവരെയും യോജിപ്പിച്ചും സഹകരിപ്പിച്ചും മുന്നോട്ടുപോകുകയെന്ന കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായി പെരുമാറുകയാണെങ്കിൽ തുടർ പരിപാടികളിൽ ജില്ല പഞ്ചായത്തിനെ ബഹിഷ്കരിക്കാനാണ് യു.ഡി.എഫിന്‍റെയും അവരുടെ ജനപ്രതിനിധികളുടെയും തീരുമാനം.വെള്ളിയാഴ്ച രാവിലെ 10.30ന് പയ്യാവൂര്‍ എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ പി. സന്തോഷ് കുമാര്‍ എം.പിയാണ് മലയോര ഗ്രാമസഭ ഉദ്ഘാടനം ചെയ്യുക.

മലയോര പ്രദേശങ്ങളിലെ വിവിധ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി മേഖലയിലെ വികസന വിടവ് പരിഹരിക്കുന്നതിന് ജില്ല പഞ്ചായത്തിനുള്ള വികസന കാഴ്ചപ്പാട് വിശദീകരിക്കാനും പുതിയ പദ്ധതികള്‍ തയാറാക്കുന്നതിനുമുള്ള നിർദേശങ്ങള്‍ കേള്‍ക്കുന്നതിനുമാണ് മലയോര ഗ്രാമസഭ ചേരുന്നത്. പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിക്കൂര്‍, കൂത്തുപറമ്പ്, ഇരിട്ടി, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെയും ചെറുപുഴ, ചെങ്ങളായി ചപ്പാരപ്പടവ്, നടുവില്‍, ഉദയഗിരി, ആലക്കോട്, എരുവേശ്ശി, പയ്യാവൂര്‍ പടിയൂര്‍, ഉളിക്കല്‍, ആറളം, അയ്യന്‍കുന്ന് പായം, കണിച്ചാര്‍, കൊട്ടിയൂര്‍, മുഴക്കുന്ന്, കോളയാട്, പേരാവൂര്‍ പഞ്ചായത്തിലെയും മുഴുവന്‍ ജനപ്രതിനിധികളും എം.എല്‍.എമാരും രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് ജില്ല പഞ്ചായത്ത് പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.