പ​യ്യാ​മ്പ​ല​ത്ത് പു​ലി​മു​ട്ട് നി​ർ​മാ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി വേ ​ബ്രി​ഡ്ജ് ഒ​രു​ക്കു​ന്നു

തീരദേശത്തിന് ആശ്വാസം; പയ്യാമ്പലത്ത് പുലിമുട്ട് ഒരുങ്ങുന്നു

കണ്ണൂർ: മഴക്കാലത്ത് ഉൾപ്പെടെ കടലേറ്റം രൂക്ഷമായ പയ്യാമ്പലത്ത് തീരദേശവാസികള്‍ക്ക് ആശ്വാസമായി പുലിമുട്ട് നിർമിക്കുന്നു. ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് കണ്ണൂര്‍ കോർപറേഷന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.95 കോടി രൂപ ചെലവിൽ പുലിമുട്ട് ഒരുക്കുന്നത്.

വടക്കെ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ പയ്യാമ്പലത്ത് സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ഭീഷണിയായ കടലേറ്റം രൂക്ഷമാണ്. കഴിഞ്ഞവർഷം ആഞ്ഞടിച്ച തിരമാലയിൽ മണൽത്തിട്ടകൾ ഒലിച്ചു പോയിരുന്നു. സഞ്ചാരികളെത്തുന്നത് തടയാൻ പ്രവേശന കവാടങ്ങളില്‍ കയര്‍ കെട്ടി നിയന്ത്രണമേര്‍പ്പെടുത്തുകയാണ് പതിവ്.

എന്നാൽ, നിയന്ത്രണം മറികടന്നും ചിലർ ബീച്ചിലെത്തുന്നത് അപകടസാധ്യത വർധിപ്പിക്കാറുണ്ട്. തദ്ദേശീയരും വിദേശികളുമായ ആയിരക്കണക്കിന് സഞ്ചാരികളാണ് ദിവസേന പയ്യാമ്പലത്തെത്തുന്നത്. അവധി, ഉത്സവ ദിവസങ്ങളിൽ ഇത് ഇരട്ടിയാവും.

കഴിഞ്ഞവർഷം ബീച്ചിന്റെ പ്രധാന പ്രവേശന ഭാഗത്ത് നടപ്പാതയിലേക്കുവരെ ഒരാൾപൊക്കത്തിൽ തിരയെത്തിയിരുന്നു. കടല്‍ക്ഷോഭത്തിനിടെ വീടിനുള്ളില്‍ വെള്ളം കയറുന്നതിനാല്‍ ചാലാട്, പള്ളിയാംമൂല, പഞ്ഞിക്കിയില്‍, പയ്യാമ്പലം മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടുന്നത് പതിവായിരുന്നു.

പയ്യാമ്പലം ബീച്ചിന്റെ വടക്കുകിഴക്ക് ഭാഗത്ത് 280 മീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മിക്കുന്നതോടെ ഇതിന് പരിഹാരമാകും. പദ്ധതിയുടെ ഭാഗമായി താല്‍ക്കാലിക റോഡ് നിർമിച്ചു.

ബീച്ചിന്റെ പ്രവേശന കവാടം മുതല്‍ പുലിമുട്ട് നിര്‍മിക്കുന്ന ഭാഗം വരെ 300 മീറ്റര്‍ നീളത്തിലാണ് റോഡ് ഒരുക്കിയത്. തീരത്ത് കൊണ്ടിടുന്ന കരിങ്കല്ലിന്റെ ഭാരം കണക്കാക്കാനുള്ള വേ ബ്രിഡ്ജിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാക്കി നവംബര്‍ അവസാന വാരത്തോടെ പുലിമുട്ട് നിർമാണം തുടങ്ങും.

ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിനാണ് നിർമാണ ചുമതല. ഒരു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് മേയര്‍ ടി.ഒ. മോഹനന്‍ അറിയിച്ചു.

Tags:    
News Summary - Coastal relief-The pulimutt is being prepared at Payyambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.