കണ്ണൂർ: സ്വകാര്യ മേഖലയിലെ ചികിത്സാലയങ്ങളുമായി സഹകരിച്ച് സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ ഏര്‍ലി കാൻസർ ഡിറ്റക്ഷന്‍ സെന്റർ ആരംഭിക്കുന്നതിനുള്ള നിർദേശം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി അർബുദ രോഗ വിദഗ്ധൻ ഡോ. എം.വി. പിള്ള. കണ്ണൂർ പ്രസ് കബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദഹം. ഇതുമായി ബന്ധപ്പെട്ട് സംഭാഷണങ്ങൾ നടന്നുവരുകയാണ്.
നേരത്തെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയപ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചത്. സ്വകാര്യ ആശുപത്രികളെയും മലബാർ കാൻസർ കെയർ സൊസൈറ്റി പോലുള്ള സ്ഥാപനങ്ങളെയും കോർത്തിണക്കി സർക്കാർ നയിക്കുന്ന പദ്ധതിയാണ് മുന്നോട്ടുവെച്ചത്.അർബുദ ചികിത്സക്ക് സാധാരണക്കാർ നേരിടുന്ന സാമ്പത്തികമായ പ്രയാസങ്ങൾ ലഘൂകരിക്കാനും ഇത് സഹായിക്കും.ആവശ്യമായ ജീവനക്കാരെയും മറ്റ് സംവിധാനങ്ങളും ഒരുക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ സ്വമേധയാ തയാറായി വന്നിട്ടുണ്ട്. സർക്കാറിന്റെ മേൽനോട്ടവും പിന്തുണയുമാണ് ആവശ്യം. ഇതിനാവശ്യമായ ഭൂമി ഉൾപ്പെടെ കണ്ടെത്താൻ സ്വകാര്യ സ്ഥാപനങ്ങൾ തയാറാണ്. ജനുവരി 18ന് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. അർബുദം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി ആവശ്യമായ പരിരക്ഷ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഏഴു വർഷമായി ഗർഭാശയ അർബുദം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഉയർന്ന ആരോഗ്യ അവബോധം, കൃത്യമായ പരിശോധന, സമയബന്ധിതമായി വൈദ്യസഹായം തേടൽ എന്നിവയാണ് കാരണം. വായിലുള്ള അർബുദം വൻ തോതിൽ കുറഞ്ഞിട്ടുണ്ട്. പുകവലിയിൽ നിന്നും വൻ തോതിൽ ആളുകൾ പിറകോട്ട് വലിഞ്ഞത് ഇതിന് കാരണമാണ്. പ്രമുഖനായ ഒരു ഡോക്ടർമാർ മാത്രം ഉണ്ടായതുകൊണ്ട് കാര്യമില്ല. മികച്ച കാൻസർ കെയർ സ്ഥാപനങ്ങളും ഡോക്ടർമാരുടെ ടീമുമാണ് കേരളത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ശ്വാസകോശ അർബുദവും സ്തനാർബുദവുമാണ് നിയന്ത്രിതമല്ലാത്ത തരത്തിൽ വർധിക്കുന്നത്. ജീവിതശൈലിയും ഫാസ്റ്റ് ഫുഡും ഇതിന് കാരണമാണ്. ഏർലി ഡിറ്റക്ഷനിലൂടെ (നേരത്തെയുള്ള കണ്ടെത്തൽ) സ്തനാർബുദം ചികിത്സിച്ച് മാറ്റാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.