കൂത്തുപറമ്പ്: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യുവതിയിൽനിന്ന് ഒരുകിലോയോളം സ്വർണം തട്ടിയെടുത്ത സംഭവത്തിൽ ഡൽഹിയിൽ പിടിയിലായ പ്രതിയെ കൂത്തുപറമ്പിലെത്തിച്ചു. മാങ്ങാട്ടിടം കണ്ടേരി നൂർമഹലിൽ മർവാനെയാണ് (31) കൂത്തുപറമ്പ് ഇൻസ്പെക്ടർ ഇൻ ചാർജ് അനിൽകുമാർ, എസ്.ഐ അഖിൽ എന്നിവർ ചേർന്ന് പിടികൂടിയത്. മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിലാണ് കേസിലെ മുഖ്യപ്രതിയായ മർവാൻ വ്യാഴാഴ്ച രാവിലെ പൊലീസിന്റെ പിടിയിലായത്. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സംഭവത്തിൽ കോട്ടയം മലബാർ കൂവ്വപ്പാടിയിലെ ജംഷീർ മൻസിലിൽ ടി.വി. റംഷാദ്, കൂത്തുപറമ്പ് മൂര്യാട് താഴെപുരയിൽ സലാം, പൂക്കോട് ശ്രീധരൻ റോഡിലെ ജമീല മൻസിലിൽ ടി. അഫ്സൽ, മൂര്യാട്ടെ മുഫ്സിൻ എന്നിവരെ കഴിഞ്ഞദിവസം കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോഴിക്കോട് നരിക്കുനി സ്വദേശിനി ബുഷറയിൽനിന്നാണ് മർവാന്റെ നേതൃത്വത്തിലുള്ള സംഘം സ്വർണം തട്ടിയെടുത്തത്. ബുഷറയുടെ മകൻ മുഹമ്മദ് മുബാറക്കിനെ തട്ടിക്കൊണ്ടുപോയി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവരിൽനിന്ന് സ്വർണം കൈക്കലാക്കിയത്.
പിന്നീട് ഇരുവരെയും കൂത്തുപറമ്പ് നീറോളിചാലിലെ ലോഡ്ജിൽ എത്തിച്ച് ബലമായി താമസിപ്പിച്ചു. ഇതിനിടെ സ്വർണത്തിന്റെ യഥാർഥ ഉടമകളെന്ന് കരുതുന്ന മറ്റൊരു സംഘമെത്തി ലോഡ്ജിന്റെ വാതിൽ ചവിട്ടിത്തുറന്ന് ഉമ്മയെയും മകനെയും ആക്രമിച്ച് ബാഗ് ഉൾപ്പെടെ കൈക്കലാക്കിയിരുന്നു. കൂത്തുപറമ്പ് എ.സി.പി കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.