പയ്യന്നൂർ താലൂക്ക് ആശുപത്രി: 22 മുതൽ നിയന്ത്രണങ്ങളിൽ ഇളവ്

പയ്യന്നൂർ: കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് സർവിസ് ലൈൻ, ട്രെഞ്ച് വർക്ക്, പ്ലംബിങ്, ഇലക്ട്രിക്കൽ, സീവേജ് ലൈൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ 22 മുതൽ ഇളവ് വരുത്തുമെന്ന് നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത അറിയിച്ചു. നിർമാണ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന ഹൈറ്റ്‌സ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ലത, കണ്ണൂർ ഡി.എം.ഒ നാരായണ നായ്ക് എന്നിവർ വ്യാഴാഴ്ച ആശുപത്രിയിലെത്തി നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ഇവരുമായി നടത്തിയ കൂടിക്കാ‌ഴ്‌ചയെ തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചതെന്ന് നഗരസഭ ചെയർപേഴ്സൻ പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ ആർദ്രം മിഷന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 104 കോടി ചെലവിൽ നിർമിക്കുന്ന കെട്ടിട നിർമാണം ഒന്നാം ഘട്ടം പുരോഗമിച്ചു വരുകയാണ്. കഴിഞ്ഞ മാർച്ച് 26 മുതലാണ് ടി.ഐ. മധുസൂദനൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി വികസന സമിതി യോഗമുൾപ്പെടെ വിളിച്ചു ചേർത്ത് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അതേസമയം കെട്ടിട നിർമാണത്തെത്തുടർന്ന് പരിമിതപ്പെടുത്തിയ താലൂക്കാശുപത്രിയുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് ബി.ജെപി പ്രവർത്തകർ വ്യാഴാഴ്ച ആശുപത്രിയിലേക്ക് തള്ളിക്കയറി സൂപ്രണ്ടിനെതിരെ മുദ്രാവാക്യം മുഴക്കി. പുതിയ കെട്ടിട നിർമാണത്തിനായി രണ്ട് മാസം മുമ്പാണ് താലൂക്ക് ആശുപത്രിയിലെ പ്രസവത്തിന്റെയും ഓപറേഷന്റെയും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനം പരിമിതപ്പെടുത്തുകയോ തളിപ്പറമ്പ് അടക്കമുള്ള വിവിധ സർക്കാർ ആശുപത്രികളിലേക്ക് പൂർണമായും മാറ്റുകയോ ചെയ്തത്. നേരത്തേ പ്രഖ്യാപിച്ച കാലാവധി കഴിഞ്ഞിട്ടും ഒ.പിയുടെയടക്കം പ്രവർത്തനം പൂർവസ്ഥിതിയിലാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധം. പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിന്റെ കാബിനു മുന്നിലേക്ക് തള്ളിക്കയറി മുദ്രാവാക്യം മുഴക്കി. ഈ സമയം സൂപ്രണ്ട് ഓഫിസിൽ ഉണ്ടായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.