കണ്ണൂരിൽ സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെ പീഡന പരാതി

കണ്ണൂര്‍: സി.പി.എം ലോക്കൽ സെക്രട്ടറിയും പേരാവൂർ ഏരിയ കമ്മിറ്റി അംഗവുമായ യുവ നേതാവിനെതിരെ പീഡന പരാതി. ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക്‌ ഭാരവാഹിയായ വനിത നേതാവാണ് ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്ന ഇയാൾക്കെതിരെ പാർട്ടിയിൽ പീഡന പരാതി നൽകിയത്. ഏപ്രിൽ 22നാണ് പരാതിക്കാധാരമായ സംഭവം. ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിൽ ഇരുവരും പ്രതിനിധികളായിരുന്നു. സമ്മേളനത്തിന് ഒരുമിച്ചു പോകാമെന്നും അതിനായി രാവിലെ ഏരിയ കമ്മിറ്റി ഓഫിസിൽ എത്താനും യുവ നേതാവ് വനിത നേതാവിനോട് നിർദേശിച്ചു. തുടർന്ന് ഏരിയ കമ്മിറ്റി ഓഫിസിൽവെച്ച്​ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് യുവതി ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തിനും സി.പി.എം ജില്ല കമ്മിറ്റിക്കും പരാതി നൽകി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം പരാതിയിൽ അടിയന്തര നടപടി എടുക്കാൻ ഏരിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്​. എന്നാൽ, സംഭവത്തിൽ പെൺകുട്ടി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.