കണ്ണൂർ: സ്പിൽ ഓവർ പദ്ധതി രൂപവത്കരണത്തിൽ മേയർ ഏകാധിപത്യം കാണിക്കുന്നതായി ഭരണപക്ഷാംഗവും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ പി.കെ. രാഗേഷ്. സ്പിൽ ഓവർ പദ്ധതിയുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത അടിയന്തര കൗൺസിൽ യോഗത്തിലാണ് മേയർ ടി.ഒ. മോഹനനെതിരെ രാഗേഷ് ആഞ്ഞടിച്ചത്. മാർച്ചിൽ പൂർത്തിയാകേണ്ട പദ്ധതിയുടെ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനിടെ ഏത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ സ്പിൽ ഓവറിൽ ഉൾപ്പെടുത്തുകയെന്ന് രാഗേഷ് ചോദ്യമുയർത്തി. ആസൂത്രണ സമിതിയോഗം വിളിക്കാതെ മേയർ ഏകപക്ഷീയമായാണ് തീരുമാനമെടുത്തത്. ഇത് അംഗീകരിക്കാനാകില്ല. വികസനകാര്യ സമിതിയെ മേയർ നോക്കുകുത്തിയാക്കുകയാണ്. കഴിഞ്ഞ പദ്ധതികളുടെ കണക്കുകൾ പരിശോധിച്ച് മാത്രമെ സ്പിൽ ഓവറിൽ അന്തിമ തീരുമാനമെടുക്കാവൂവെന്നും രാഗേഷ് പറഞ്ഞു. ഭരണപക്ഷങ്ങൾ തമ്മിൽ തന്നെ പ്രശ്നവും തർക്കവുമായ കോർപറേഷൻ വെള്ളരിക്കപ്പട്ടണത്തിന് സമാനമായെന്ന് പ്രതിപക്ഷ കൗൺസിലർ ടി. രവീന്ദ്രൻ ആരോപിച്ചു. മേയർ ഉത്തരാവാദിത്തമില്ലാതെ പെരുമാറുകയാണ്. എകപക്ഷീയമായ പട്ടിക അംഗീകരിക്കാനാകില്ലെന്നും ഭരണപക്ഷം അറിയിച്ചു. എന്നാൽ, മേയർ വ്യക്തതയോടെയാണ് കാര്യങ്ങൾ നിർവഹിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റും കൗൺസിലറുമായ മാർട്ടിൻ ജോർജ് അഭിപ്രായപ്പെട്ടു. വിഷയത്തിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗം ഉടൻ വിളിച്ചുചേർക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി സ്വയം നോക്കുകുത്തിയാകുകയാണെന്ന് മേയർ രാഗേഷിന്‍റെ ആരോപണത്തിന് മറുപടിയായി പറഞ്ഞു. സ്പിൽ ഓവർ പദ്ധതിയിൽ ഒരു അവ്യക്തതയുമില്ല. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗം വിളിച്ചു ചേർക്കാത്തത് പാളിച്ച തന്നെയാണ്. എന്നാൽ, പദ്ധതി ലിസ്റ്റ് വ്യക്തവും ഒരു വാർഡിനെയും അവഗണിക്കാതെ തയാറാക്കിയതാണെന്നും മേയർ മറുപടിയായി പറഞ്ഞു. ...................................................... കുടിവെള്ള പ്രശന്ം; ടാങ്കറിൽ കുടിവെള്ളം എത്തിക്കും (ബോക്സ്) കണ്ണൂർ: വേനൽ കനക്കുന്നതോടെ കോർപറേഷന്റെ വിവിധയിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായും ഇവിടെ കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മേയർ ടി.ഒ. മോഹനൻ അറിയിച്ചു. ടാങ്കറിൽ കുടിവെള്ളം എത്തിക്കാൻ 20 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ഇതിനായുള്ള ടെൻഡർ വിളിച്ച് ഉടൻ നടപടിയുണ്ടാകുമെന്നും മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.