വിഷ്ണുവിന് നാടിന്റെ അന്ത്യാഞ്ജലി

കൂത്തുപറമ്പ്: ആറുപേർക്ക് പുതുജീവനേകി വിടപറഞ്ഞ കൂത്തുപറമ്പ് തൃക്കണ്ണാപുരത്തെ എം.ടി. വിഷ്ണു (22)വിന് നാടിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞദിവസം വൈകീട്ടോടെ വീട്ടിൽ എത്തിച്ച മൃതദേഹം കാണാൻ നിരവധി പേരാണെത്തിയത്. ബംഗളൂരുവിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണ് തൃക്കണ്ണാപുരം ഗ്രാമീണ വായനശാലക്ക് സമീപത്തെ നന്ദനത്തിൽ എം.ടി. വിഷ്ണുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ വെള്ളിയാഴ്ച പുലർച്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയി​ൽ എത്തിക്കുമ്പോഴേക്കും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ പൊതുപ്രവർത്തകർ വിഷ്ണുവിന്റെ അവസ്ഥ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കുകയും അവയവദാനത്തിന്റെ സാധ്യതകളെ പറ്റി ബോധവത്കരിക്കുകയുമായിരുന്നു. മരണശേഷവും ആറുപേരിലൂടെ അവന്‍ ജീവിക്കുമെങ്കില്‍ അതാണ് തങ്ങള്‍ക്ക് സന്തോഷം എന്നു പറഞ്ഞാണ് വിഷ്ണുവിന്റെ പിതാവും മാതാവും അവയവദാനത്തിന് സമ്മതം നല്‍കിയത്. ബംഗളൂരുവിൽ ഏവിയേഷൻ കോഴ്സ് വിദ്യാർഥിയായിരുന്നു വിഷ്ണു. കൂത്തുപറമ്പ് ബി.എസ്.എൻ.എൽ ജീവനക്കാരനായ സുനിൽകുമാറിന്റെയും എറണാകുളം കാംകോയിൽ ജോലി ചെയ്യുന്ന ടി. ജിഷയുടെയും മകനാണ്. സഹോദരി കൃഷ്ണപ്രിയ മമ്പറം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. വലിയ വെളിച്ചം ശാന്തിവനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.