കരുണവറ്റാതെ ഈ വിദ്യാർഥികൾ...

ചക്കരക്കല്ല്: പുതുവത്സരവും പിറന്നാളും കെങ്കേമമായി ആഘോഷിക്കുന്ന ആധുനിക ലോകത്ത് ധൂർത്തും ദുർവ്യയവും ഒഴിവാക്കി ഒരുകൂട്ടം വിദ്യാർഥികൾ മാതൃകയായി. പുഴാതി ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു സയൻസ് ബാച്ച്​ വിദ്യാർഥികളാണ്​ പുതുവത്സരത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും പിറകെ പോകാതെ മാതൃകപരമായി പുതുവത്സരമാഘോഷിക്കാൻ പണം സ്വരുക്കൂട്ടിയത്​. തുക എളയാവൂർ സി.എച്ച് സെന്‍ററിന്‍റെ കാരുണ്യ ഭവനത്തിൽ കഴിയുന്ന അശരണരും ആലംബഹീനരുമായ അന്തേവാസികൾക്ക് ഭക്ഷണമൊരുക്കാനാണ് അവർ തീരുമാനിച്ചത്. അധ്യാപകർ പൂർണ പിന്തുണ നൽകി. കഴിഞ്ഞ ദിവസം സ്കൂൾ ബസിൽ കുട്ടികളും അധ്യാപകരും സി.എച്ച് സെന്‍റർ സന്ദർശിക്കാൻ എത്തുകയായിരുന്നു. ഇവിടത്തെ അന്തേവാസികൾക്കുള്ള ഉച്ചഭക്ഷണവും കുട്ടികൾ ഒരുക്കിയിരുന്നു. പ്രിൻസിപ്പൽ ഷെറിൻ ജോസഫ്, അധ്യാപകരായ ഫൈസൽ ചക്കരക്കല്ല്​, അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾ സി.എച്ച് സെന്‍റർ സന്ദർശിച്ചത്. വിദ്യാർഥികളെയും അധ്യാപകരെയും സെന്‍റർ ഭാരവാഹികളായ സി.ച്ച്. മുഹമ്മദ് അഷ്റഫ്, കെ.എം. ഷംസുദ്ദീൻ എന്നിവർ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.