ശമ്പളം ലഭിച്ചിട്ട് മാസം മൂന്നായി: ആറളം ഫാമിലെ ടാപ്പിങ് തൊഴിലാളികളും പണിമുടക്കി

കേളകം: ആറളം ഫാം തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം ലഭിക്കാത്തതുപോലെ കോൺട്രാക്ടിങ് അടിസ്ഥാനത്തിൽ ടാപ്പിങ് തൊഴിൽ ചെയ്യുന്നവർക്കും കൂലി മൂന്നുമാസമായി ലഭിക്കുന്നില്ല. കൂലി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ ടാപ്പിങ് നിർത്തിവെച്ചതോടെ ആറളം ഫാമിലെ പ്രധാന വരുമാന മാർഗമായ റബർ ഉൽപാദനം നിലച്ചു. റബറിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ശമ്പള കുടിശ്ശിക നൽകാമെന്ന പ്രതീക്ഷയും ഇതോടെ മങ്ങി. 54000 മരമാണ് നിലവിൽ ടാപ് ചെയ്യുന്നത്. പ്രതിദിനം 20 ബാരൽ റബർ പാൽ ലഭിക്കുന്ന ഫാമിൽ അഞ്ചു പ്ലോട്ടുകളായി കോൺട്രാക്ടിങ് അടിസ്ഥാനത്തിൽ ടാപ്പിങ്ങിന് നൽകുകയായിരുന്നു. കോൺട്രാക്ടർ അടിസ്ഥാനത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് കഴിഞ്ഞ മൂന്നുമാസമായി കൂലി ലഭിച്ചിട്ടില്ല. 7000 മരങ്ങൾ കൂടി ടാപ്പിങ്ങിന് ഒരുങ്ങിയിരിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് പണിമുടക്കി തൊഴിലാളികൾ പ്രതിഷേധിക്കുന്നത്. ശമ്പള കുടിശ്ശിക ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിൽ ആറളം ഫാം തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.