പേരാവൂരിൽ ജിമ്മി ജോർജ് സ്റ്റേഡിയം; പൂർത്തീകരിക്കാൻ നടപടി

പേരാവൂർ: പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ 400 മീ. സ്റ്റേഡിയം പൂർത്തീകരിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. 2012ൽ ജിമ്മി ജോർജിന്റെ 25ാം ചരമ വാർഷികം പ്രമാണിച്ച് പ്രത്യേക പരിഗണന നൽകിയാണ് സർക്കാർ 400 മീ സ്റ്റേഡിയത്തിനുള്ള പദ്ധതി അംഗീകരിച്ചത്. 2014ൽ ഒന്നാം ഘട്ടം നിർമാണം ആരംഭിച്ചു. 1.5 കോടി രൂപയും ചെലവഴിച്ചു. എന്നാൽ ട്രാക്കും ജംപിങ് പിറ്റും ഗാലറിയും നിർമാണം പൂർത്തീകരിക്കാൻ സാധിച്ചില്ല. 2016ൽ സ്റ്റേഡിയത്തിന്റെ പണി നിലച്ചു. കായിക പ്രേമികളുടെയും സ്റ്റേഡിയം കമ്മിറ്റിയുടെയും ജനപ്രതിനിധികളുടെയും നിരന്തര അഭ്യർഥനയെ തുടർന്നാണ് സർക്കാർ നടപടി തുടങ്ങിയത്. അടുത്ത ഘട്ടം എസ്റ്റിമേറ്റ് തയാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കായിക വകുപ്പിന്റെ എൻജിനീയറിങ് വിഭാഗമായ സ്പോർട്സ് ഫൗണ്ടേഷൻ കേരളയുടെ എൻജിനീയർമാർ സ്റ്റേഡിയം സന്ദർശിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ, സ്റ്റേഡിയം കമ്മിറ്റി ചെയർമാൻ ഫാ. തോമസ് കൊച്ചുകരോട്ട്, വർക്കിങ് ചെയർമാൻ സെബാസ്റ്റ്യൻ ജോർജ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.വി. സെബാസ്റ്റ്യൻ, ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ വി.വി. തോമസ്, ട്രസ്റ്റി ടോമി മാണിക്കത്താഴെ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ മൂന്നു മാസം മുമ്പ് സ്റ്റേഡിയം സന്ദർശിച്ചിരുന്നു. 2022ൽ സ്റ്റേഡിയം പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പേരാവൂരിലെ കായിക പ്രേമികൾ. photo.: സ്പോർട്സ് ഫൗണ്ടേഷൻ കേരളയുടെ എൻജിനീയർമാർ പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയം സന്ദർശിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.