പഴശ്ശി പദ്ധതി പ്രദേശം; വിനോദ സഞ്ചാര സാധ്യതകൾ പഠിക്കാൻ വിദഗ്ധ സംഘം

ഇരിട്ടി: ജല വിഭവ വകുപ്പിന്റെ അധീനതയിലുള്ള പഴശ്ശി പദ്ധതി പ്രദേശത്തെ പ്രകൃതി ഭംഗി പ്രയോജനപ്പെടുത്തി മികച്ച വിനോദ സഞ്ചാര മേഖലയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വകുപ്പിന്റെ വിദഗ്ധ സംഘം പദ്ധതി പ്രദേശത്ത് പരിശോധന നടത്തി. ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം കൂടുതൽ പ്രദേശങ്ങളെക്കൂട്ടി പദ്ധതിയുടെ ഭാഗമാക്കുന്നതിനാണ് സാധ്യതകൾ പരിശോധിച്ചത്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഴശ്ശി പദ്ധതി, അകംതുരുത്ത് ദ്വീപ്, വള്ള്യാട് സഞ്ജീവനി പാർക്ക് എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. പഴശ്ശി പദ്ധതി പ്രദേശത്ത് ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പാർക്കുകളിൽ ദിനം പ്രതി നൂറുകണക്കിന് സഞ്ചാരികളാണെത്തുന്നത്. പദ്ധതി പ്രദേശത്തെ അവശേഷിക്കുന്ന ഭാഗങ്ങൾ കൂടി വികസിപ്പിക്കുന്നതിന് 85 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് വകുപ്പ് ഭരണാനുമതി നൽകിയിട്ടുണ്ട്. പദ്ധതി പ്രദേശത്തിന്റെ ഭാഗമായ പടിയൂർ ടൂറിസം പദ്ധതിക്ക് റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി അഞ്ചുകോടി രൂപയുടെ ഭരണാനുമതി നൽകിക്കഴിഞ്ഞു. പ്രവൃത്തികളുടെ രൂപരേഖ തയാറാക്കി ടെൻഡർ നടപടിയിലേക്ക് കടക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന അകംതുരുത്ത് സഞ്ചാരികളെ ആകർഷിക്കുന്ന ഹരിത ഭംഗി നിറഞ്ഞ പ്രദേശമാണ്. ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന പ്രദേശത്തിന്റെ തനിമ നഷ്ടപ്പെടാതെ നിരവധി പദ്ധതികൾ നടപ്പിലാക്കാനാകും. അകംതുരുത്തിനെ വികസിപ്പിക്കാനുള്ള നിരവധി നിർദേശങ്ങൾ വകുപ്പിന്റെ പരിഗണനക്കായി സമർപ്പിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. അപൂർവയിനം പക്ഷിജാലങ്ങളുടെയും വിവിധയിനം വവ്വാലുകളുടെയും ഇഷ്ടതാവളമായ അകംതുരുത്തി ദ്വീപ് 16 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നുണ്ട്. സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ അധീനതയിലുള്ള വള്ള്യാട്ടെ സഞ്ജീവനി പാർക്ക് മികച്ച സാധ്യതകളാണ് തുറന്നിടുന്നത്. അപൂർവയിനം ഔഷധ സസ്യങ്ങളുടെ കേന്ദ്രമാണിത്. പ്രാദേശിക ടൂറിസം പദ്ധതിയുടെ ഭാഗമായി വനം വകുപ്പുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടമായി വനം വകുപ്പിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ചുകിട്ടുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതുംകൂടി കണ്ടുകൊണ്ടുള്ള വിശാല മാസ്റ്റർ പ്ലാനാണ് ടൂറിസം വകുപ്പിന്റെ പരിഗണനയിലുള്ളത്. പഴശ്ശിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന എല്ലാ വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കും ജല വിഭവ വകുപ്പിന്റെ അനുമതിയും അംഗീകാരവും ആവശ്യമാണ്. സൗന്ദര്യ വത്കരണത്തിനായി പദ്ധതി പ്രദേശം വിട്ടുകിട്ടുന്നതിന് സംയുക്ത പരിശോധനക്കുള്ള നടപടികളാണ് വിനോദ സഞ്ചാര വകുപ്പ് ആലോചിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഉന്നത തല സംഘത്തിന്റെ പരിശോധന. പഴശ്ശി പദ്ധതിയോടു ചേർന്ന് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് അനുകൂലമായ മറുപടി ജല വിഭവ വകുപ്പിൽ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. നഗരസഭ ചെയർപേഴ്‌സൻ കെ. ശ്രീലത, അംഗങ്ങളായ കെ. മുരളീധരൻ, പി. രഘു, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ടൂറിസം ഇൻഫർമേഷൻ ഓഫിസർ കെ.സി. ശ്രീനിവാസൻ, അസി.ഇൻഫർമേഷൻ ഓഫിസർ പി.ആർ. ശരത്കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.