വഞ്ചിയം മേഖലയിൽ വീണ്ടും കാട്ടാന വിളയാട്ടം

ശ്രീകണ്ഠപുരം: കാട്ടാനശല്യം പതിവായതോടെ പൊറുതിമുട്ടി പയ്യാവൂർ വഞ്ചിയം മേഖലയിലെ കർഷകർ. ജനങ്ങളെ ഭീതിയിലാക്കി കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഏരുവേശ്ശി - പയ്യാവൂർ പഞ്ചായത്ത് അതിർത്തിയിലെ വലിയ അരീക്കമലയിലും വഞ്ചിയത്തും 12 ആനകൾ തമ്പടിച്ചിരിക്കുകയാണ്. ഇവ രാത്രി കാർഷിക വിളകൾ ഓരോന്നായി നശിപ്പിക്കുന്നതും പതിവാണ്. വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചെങ്കിലും അഞ്ച് പടക്കം ഏൽപിച്ചിട്ട് തിരികെ പോകുകയാണ് ചെയ്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇവിടെ പല സമയത്തും ഭാഗ്യം കൊണ്ടാണ് കർഷകർ രക്ഷപ്പെടുന്നത്. ആളുകൾ യാത്രചെയ്യുന്ന റോഡിന്റെ താഴെത്തട്ടിൽ കാട്ടാനകൾ കഴിഞ്ഞ ദിവസം കൂട്ടംകൂടി നിന്നിരുന്നു. ആനക്കൂട്ടത്തെ ഭയന്നാണ് നിലവിൽ പ്രദേശവാസികൾ ഇതുവഴി സഞ്ചരിക്കുന്നത്. കാട്ടാനക്കൂട്ടം കനത്ത നാശനഷ്ടങ്ങളാണ് കുറച്ച് നാളുകളായി വരുത്തിവെക്കുന്നത്. കർഷകർ രാപകൽ ഉറക്കമൊഴിഞ്ഞ് ജീവൻ പണയപ്പെടുത്തി വിളകൾക്ക് കാവലിരുന്നിട്ടും ഫലമുണ്ടാകാറില്ല. കാട്ടാന ശല്യം കൂടാതെ കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി എന്നിവയുടെ ശല്യവും ഈ മേഖലകളിൽ രൂക്ഷമാണ്. കാട്ടുപന്നികളും കൂട്ടമായി ഇറങ്ങുന്ന കുരങ്ങുകളും ഭക്ഷ്യവിളകൾ വ്യാപകമായി നശിപ്പിക്കാറുണ്ട്. കാട്ടാനകൾ വിളകൾ നശിപ്പിച്ച സ്ഥലം ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവൽ, വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, വാർഡ് മെംബർ അനില ജെയിൻ, പി.ആർ. രാഘവൻ എന്നിവർ സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.