ഇരിട്ടി ബസ് സ്റ്റാൻഡിലെ മോക്ഡ്രിൽ സ്‌ഫോടനത്തിൽ ഞെട്ടി ജനം

ഇരിട്ടി: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ സ്‌ഫോടനം നടന്നാൽ പൊതുജനങ്ങളും സുരക്ഷ വിഭാഗവും എങ്ങനെ പെരുമാറും എന്നതിന്റെ നേർക്കാഴ്ചയായിരുന്നു ഇരിട്ടി ബസ് സ്റ്റാൻഡിൽ നടന്ന മോക്ഡ്രിൽ സ്‌ഫോടനം. സ്റ്റാൻഡിന്റെ കിഴക്കെ മൂലയിൽ ആദ്യം ഉഗ്ര സ്‌ഫോടനം നടന്നു. ശബ്ദവും പുകയും ഉയർന്നതോടെ സ്റ്റാൻഡിലും ബസിലും കെട്ടിടങ്ങളിലും ഉള്ളവർ സ്‌ഫോടന സ്ഥലത്തേക്ക് കുതിച്ചു. രണ്ടുപേർ ചോരയിൽ മുങ്ങി റോഡിൽ കിടക്കുന്നു. സ്‌ഫോടന സ്ഥലത്തുനിന്ന് രക്ഷപ്പെട്ട് ഓടുന്ന രണ്ടുപേരെ ചിലർ പിടികൂടി കൈയേറ്റം ചെയ്യുന്നു. സ്ഥലത്ത് കുതിച്ചെത്തിയവരും പിടികൂടിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നു. സ്ഥലത്ത് കുതിച്ചെത്തിയ പൊലീസ് അക്രമിസംഘത്തെ ജനങ്ങൾക്കിടയിൽ നിന്ന് രക്ഷിച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റി. സൈറൺ മുഴക്കി സ്ഥലത്ത് എത്തിയ ആംബുലൻസും അഗ്നിരക്ഷാസേനയും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. സ്‌ഫോടന സ്ഥലത്ത് വെള്ളം ചീറ്റുകയും പ്രദേശം രക്ഷാസംഘത്തിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. ബോംബ്‌സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന തുടങ്ങുമ്പോഴാണ് ജനം ഇത് പൊലീസിന്റെ മോക്ഡ്രില്ലാണെന്ന കാര്യം അറിയുന്നത്. രക്ഷാപ്രവർത്തനം ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു പൊലീസും മോക് ഡ്രില്ലിന് നേതൃത്വം വഹിച്ച ചുമട്ട് തൊഴിലാളികളും. ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിൽ, സി.ഐ കെ.ജെ. ബിനോയി, പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരി എന്നിവർ മേൽനോട്ടം വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.