പഴയങ്ങാടി: നെരുവമ്പ്രം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനെ പോളിടെക്‌നിക്കായി ഉയർത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. സ്‌കൂളിലെ പുതിയ വർക്ക്‌ഷോപ്, ഡ്രോയിങ് ഹാൾ, ലാബ് കെട്ടിടങ്ങൾ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം ഉറപ്പിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്. നൈപുണ്യവികസനത്തിനായി അസാപിന്റെ പ്രവർത്തനം എല്ലാ കലാലയങ്ങളിലും വ്യാപിപ്പിക്കാനാണ് സർക്കാറിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു. തൊഴിലന്വേഷകരല്ല വിദ്യാർഥികൾ. മറിച്ച് തൊഴിൽ സൃഷ്ടിക്കുന്നവരായി വിദ്യാർഥികൾ മാറണമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിനായി സംസ്ഥാന സർക്കാറിന്റെ 2018-19 വർഷത്തിൽ ബജറ്റിൽ അനുവദിച്ച തുക ഉപയോഗിച്ചാണ് കെട്ടിട സമുച്ചയത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. പ്ലാൻ ഫണ്ടിൽ നിന്ന് 2.60 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. നാഷനൽ സ്‌കിൽ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് പദ്ധതിപ്രകാരം നാല് ട്രേഡുകളിൽ അധിക പരിശീലനവും നൽകുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക ക്ലാസുകളും നടത്തുന്നുണ്ട്. എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. ഷാജിർ, ഏഴോം പഞ്ചായത്ത് പ്രസിഡൻറ് പി. ഗോവിന്ദൻ, ജില്ല പഞ്ചായത്തംഗം സി.പി. ഷിജു, ഏഴോം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വിശ്വനാഥൻ, മെംബർമാരായ ഉഷ പ്രവീൺ, കെ.വി. ഗ്രീഷ്മ , കെ.പി. മോഹനൻ, പാറയിൽ കൃഷ്ണൻ, സി.വി. കുഞ്ഞിരാമൻ, സി.ഒ. പ്രഭാകരൻ, കിരൺകുമാർ, ടി.കെ. രഞ്ജിത്ത്, സൈനുൽ ആബിദീൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. ടി.പി. ബൈജുഭായി, ടെക്‌നിക്കൽ സ്‌കൂൾ സൂപ്രണ്ട് കെ. പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം അസി എക്‌സി. എൻജിനീയർ സി. പ്രഭാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചിത്ര വിശദീകരണം: നെരുവമ്പ്രം ഗവ.ടെക്നിക്ക് ഹൈസ്‌കൂളിലെ പുതിയ വർക്ക്‌ഷോപ്, ഡ്രോയിങ് ഹാൾ, ലാബ് കെട്ടിടങ്ങൾ എന്നിവയുടെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.