ജൽജീവൻ മിഷൻ: റോഡ് കട്ടിങ് അനുമതി മൺസൂണിനുശേഷം

കണ്ണൂർ: ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി റോഡ് കട്ടിങ് അനുമതിക്കുള്ള അപേക്ഷകളിൽ നിയമപ്രകാരം അനുമതി നൽകാവുന്നവയിൽ മൺസൂൺ കഴിഞ്ഞ ഉടൻ അനുമതി നൽകാൻ ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ നിർദേശിച്ചു. ഡിഫക്ട് ലയബിലിറ്റി പിരിയഡ് (ഡി.എൽ.പി) നിലവിലുള്ള പൊതുമരാമത്ത് വകുപ്പ്, ദേശീയപാത റോഡുകളിൽ റോഡ് കട്ടിങ് അനുമതിക്കുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിവെക്കാനും കലക്ടർ നിർദേശിച്ചു. ജൽജീവൻ മിഷൻ പദ്ധതി നടപ്പിലാക്കാനുള്ള ജില്ലതല ജലശുചിത്വ മിഷന്റെ പത്താമത് യോഗത്തിലാണ് തീരുമാനം. റോഡ് കട്ടിങ് അനുമതി ലഭിക്കാനുള്ള അപേക്ഷകളുടെ പട്ടിക മെംബർ സെക്രട്ടറിയായ വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയർ വിശദീകരിച്ചു. നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം ഡി.എൽ.പി നിലവിലുള്ള റോഡുകളിൽ ഒരു വർഷമെങ്കിലും പൂർത്തിയായശേഷമേ അനുമതി നൽകാൻ സാധിക്കൂവെന്നും മൺസൂൺ ആരംഭിക്കുന്നതിനാൽ ആഗസ്റ്റ് അവസാനത്തോടെ മാത്രമേ അനുമതി പരിഗണിക്കാൻ സാധിക്കൂവെന്നും പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഇതേത്തുടർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കലക്ടർ നിർദേശം നൽകിയത്. പട്ടികയിൽ ഉൾപ്പെട്ട ആറോളം റോഡുകളുടെ അനുമതിക്കായി ഡിമാൻഡ് നോട്ടീസ് നൽകുമെന്നും എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. നിർവഹണ സഹായ ഏജൻസികളുടെ (ഐ.എസ്.ഒ) പ്രവൃത്തികളും അവരുടെ ക്ലെയിം ഫോമുകൾ അംഗീകരിക്കുന്നത് സംബന്ധിച്ചും പൊതു മാർഗരേഖ നടപ്പാക്കാൻ യോഗം തീരുമാനിച്ചു. വിവിധ പഞ്ചായത്തുകളിലെ ഐ.എസ്.ഒകൾ സമർപ്പിച്ച ക്ലെയിമുകൾ അംഗീകരിച്ചു. യോഗത്തിൽ ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.