മുട്ടം കവല
മുട്ടം: തൊടുപുഴയുടെ ഉപനഗരമായി വളരുന്ന മുട്ടം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോഴും ബൈപാസ് മാത്രം യാഥാർഥ്യമാകുന്നില്ല. പെരുമറ്റം പാലം മുതൽ ചള്ളാവയൽവരെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി സർവേക്കല്ലുകൾ സ്ഥാപിച്ചിട്ട് പതിറ്റാണ്ട് ഒന്നര കഴിഞ്ഞു. ചില ഉടമകൾ സ്ഥലം ഏറ്റെടുപ്പിന് എതിര് നിന്നതോടെയാണ് ബൈപാസ് യാഥാർഥ്യമാക്കാനാകാതെ വന്നത്. എന്നാൽ, പിന്നീട് ഇവർ ഉൾപ്പെടെ അനുകൂലമായെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടായില്ല.
ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി സഞ്ചരിക്കുന്ന മുട്ടം ടൗണിൽ വേണ്ടത്ര വീതിയില്ലാത്തതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അശാസ്ത്രീയ പാർക്കിങ് കൂടി ആകുന്നതോടെ വൈകുന്നേരങ്ങളിൽ മുട്ടം ഗതാഗതക്കുരുക്ക് മൂലം നിശ്ചലമാകുന്ന അവസ്ഥയാണ് ഉള്ളത്. ബൈപാസ് വന്നാൽ ഈരാറ്റുപേട്ട, പാലാ ഭാഗത്തേക്ക് പോകുകയും വരുകയും ചെയ്യുന്നവർക്ക് ടൗണിൽ കയറാതെ ഗതാഗതക്കുരുക്ക് ഒഴിവായി സഞ്ചരിക്കാൻ കഴിയും. പെരുമറ്റം ഭാഗത്തുനിന്ന് മുട്ടം ടൗണിൽ കയറാതെതന്നെ ഷങ്കരപ്പള്ളി ഭാഗത്ത് എത്തുന്ന രീതിയിൽ ബൈപാസ് നിർമിക്കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു. എന്നാൽ, ഇവയൊന്നും നടപ്പായില്ല. മൂലമറ്റം ഭാഗത്തുനിന്നും ഈരാറ്റുപേട്ട, പാലാ ഭാഗത്തുനിന്നും മുട്ടം ടൗണിലേക്കെത്തുന്ന വാഹനങ്ങൾ ഒരേ സമയം ഇരുദിശയിൽനിന്നാണ് തൊടുപുഴ റോഡിലേക്ക് പ്രവേശിക്കുന്നത്. തൊടുപുഴയിൽനിന്ന് ഈരാറ്റുപേട്ട, പാലാ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും മൂലമറ്റത്തുനിന്ന് തൊടുപുഴയിലേക്ക് വരുന്ന വാഹനങ്ങളും ടൗണിൽ മുഖാമുഖം എത്തുന്നു. പലപ്പോഴും തലനാരിഴക്കാണ് അപകടം ഒഴിവാകുന്നത്. അതിവേഗത്തിലാണ് വാഹനങ്ങൾ മുട്ടം ടൗണിൽ പ്രവേശിക്കുന്നത്. ടൗണിൽ ഡ്യൂട്ടിയിലുള്ള ഒന്നോ രണ്ടോ പൊലീസുകാർക്ക് വാഹനങ്ങളുടെ അതിവേഗത്തിലുള്ള നഗര പ്രവേശനം നിയന്ത്രിക്കാൻ സാധിക്കില്ല. വേഗ നിയന്ത്രണ സംവിധാനമൊന്നും മുട്ടത്തില്ല. സ്കൂൾ സമയങ്ങളിൽപോലും വാഹനങ്ങൾ അതിവേഗത്തിലാണ് എത്തുന്നത്.
വേഗം നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കറോ ഡിവൈഡറോ സ്ഥാപിച്ചാൽ അപകടസാധ്യത ഒഴിവാക്കാൻ കഴിയും. സ്കൂൾ സമയങ്ങളിൽ ഏറെ ബുദ്ധിമുട്ടിയാണ് വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കുന്നത്. രണ്ട് മാസം മുമ്പേ കാറിനടിയിൽപെട്ട ഒരു സ്കൂൾ വിദ്യാർഥിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. 15 മീറ്ററോളം കാറിനടിയിൽ കുടുങ്ങി നിരങ്ങി നീങ്ങിയ വിദ്യാർഥിയുടെ വാരിയെല്ലിനാണ് പരിക്കേറ്റത്. മുട്ടം ജങ്ഷന്റെ പ്രത്യേകത അറിയാതെ എത്തുന്ന വാഹനങ്ങൾ കഷ്ടിച്ചാണ് അപകടത്തിൽനിന്ന് രക്ഷപ്പെടുന്നത്. ഇതിനെല്ലാം പരിഹാരം കണ്ടെത്താൻ ബൈപാസ് ഫയലുകൾ പൊടിതട്ടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.