തൊടുപുഴ: ജില്ലയിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. ‘ഓപറേഷൻ സെക്വർ ലാൻഡ്’ പേരിൽ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയുടെ ഭാഗമായായിരുന്നു ജില്ലയിലും പരിശോധന. വ്യാഴാഴ്ച വൈകീട്ട് 4.30ഓടെ ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു.
ആധാരം രജിസ്റ്റർ ചെയ്യാനും സബ് രജിസ്ട്രാർ ഓഫിസ് മുഖേന നൽകുന്ന മറ്റ് സേവനങ്ങൾക്കും ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വസ്തു രജിസ്ട്രേഷനായി ആധാരം എഴുത്തുകാരെ സമീപിക്കുന്നവരിൽനിന്ന് എഴുത്തുകൂലിക്ക് പുറമെ കൂടുതൽ പണം വാങ്ങി ഉദ്യോഗസ്ഥർക്ക് നൽകുന്നതായും ഫെയർവാല്യൂ നിശ്ചയിച്ചിട്ടില്ലാത്ത വസ്തുക്കളുടെ രജിസ്ട്രേഷന് വില കുറച്ചുകാട്ടുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
കൈക്കൂലിക്ക് ഏജന്റുമാരായി ആധാരമെഴുത്തുകാർ
ജില്ലയിലെ തൊടുപുഴ, പീരുമേട്, ദേവികുളം, ഉടുമ്പൻചോല എന്നിവിടങ്ങളിലെ സബ് രജിസ്ട്രാർ ഓഫിസുകളിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ പീരുമേട് സബ് രജിസ്ട്രാർ ഓഫിസിലെ ഫയലുകൾക്കിടയിൽനിന്ന് 700 രൂപ പിടിച്ചെടുത്തു. ആധാരം എഴുത്ത് ജീവനക്കാരും സബ് രജിസ്ട്രാർ ഓഫിസ് ജീവനക്കാരും തമ്മിൽ നടത്തിയ ഗൂഗിൾ പേ ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഭൂരിഭാഗം സബ് രജിസ്ട്രാർ ഓഫിസുകളിലും ആധാരം എഴുത്തുകാർ മുഖേന ജീവനക്കാർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി നിരവധി പരാതി ലഭിച്ചിരുന്നു.
സബ് രജിസ്ട്രാർ ഓഫിസുകൾ മുഖേന നൽകി വരുന്ന ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക് ചില ആധാരമെഴുത്തുകാരെ ഏജന്റുമാരാക്കി ഉപയോഗിച്ച് ഉദ്യോഗസ്ഥർ പൊതുജനങ്ങിൽനിന്നും കൈക്കൂലി കൈപ്പറ്റുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇത് സാധൂകരിക്കാനാവശ്യമായ തെളിവുകളും വിവിധയിടങ്ങളിൽനിന്ന് ലഭിച്ചതായാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.