തൊടുപുഴ: കരിമണ്ണൂര്‍ വേനപ്പാറയിലെ ലൈഫ് മിഷന് ഫ്ലാറ്റ് സമുച്ചയത്തിലെ അന്തേവാസികളുടെ ആശങ്ക ഒഴിയുന്നില്ല. കോടികള്‍ മുടക്കി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം മഴ കനത്തതോടെ ചോർന്ന് താമസിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് ചോര്‍ച്ചയ്ക്ക് താൽക്കാലിക പരിഹാരമായെങ്കിലും മറ്റ് അറ്റകുറ്റപ്പണികള്‍ വൈകുന്നത് അന്തേവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കെട്ടിടത്തില്‍ സീലിംഗ് ചെയ്തിരിക്കുന്ന ഭാഗത്തെ ജിപ്സം അടര്‍ന്ന് വീഴുന്നതിനു പരിഹാരമായിട്ടില്ല. ഭിത്തി പലയിടത്തും വെള്ളം വീണ് പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്.
കരിമണ്ണൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ വേനപ്പാറയിലാണ് ലൈഫ് മിഷന് ഫ്ലാറ്റ് സമുച്ചയം നിര്‍മിച്ചത്. ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം ടെക്നോളജി ഉപയോഗിച്ച് സിമന്റും ഇഷ്ടികയും ഇല്ലാതെ ഗുജാത്ത് മാതൃകയില്‍ കേരളത്തില്‍ ആദ്യം പൂര്‍ത്തീകരിച്ച ഭവന സമുച്ചയമാണിത്. ആറു കോടി ചെലവഴിച്ച് 42 കുടുംബങ്ങള്‍ക്കായി നിര്‍മിച്ച ഈ സമുച്ചയത്തില്‍ നിലവില്‍ 36 കുടുംബങ്ങളാണുള്ളത്.രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും, ബാല്‍ക്കണിയും ശൗചാലയവും അടങ്ങുന്ന 420 ചതുരശ്രഅടി വിസ്തീര്‍ണമുള്ളതാണ് ഓരോ വീടും.
നിര്‍മാണം പൂര്‍ത്തിയായി രണ്ടു വര്‍ഷം മുമ്പാണ് താമസത്തിന് തുറന്നു കൊടുത്തത്. ഇതിനിടെ ചോര്‍ച്ച ഉള്‍പ്പെടെ തകരാറുകള്‍ കണ്ടെത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. താമസക്കാരുള്ള പല ഭാഗത്തും കെട്ടിടം ചോരുന്ന നിലയിലാണ്. ഓരോ ദിവസവും ജിപ്സം അടര്‍ന്ന് വീഴുകയും ചെയ്യുന്നുണ്ട്. മിക്ക ഫ്ലാറ്റുകളുടെ അകവും ഈര്‍പ്പം മൂലം കുതിര്‍ന്ന് നശിക്കുകയാണ്. ഇതാണ് താമസക്കാരെ ഏറെ ഭയപ്പാടിലാക്കുന്നത്.
താമസക്കാരുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ലൈഫ് മിഷന് സി.ഇ.ഒ, ചീഫ് എന്‍ജിനിയര്‍ അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചാണ് അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയത്. ചോര്‍ച്ചയുള്ള ഭാഗത്ത് റൂഫിങ് നടത്തിയാണ് താൽക്കാലികമായി പ്രശ്നം പരിഹരിച്ചത്. മഴ മൂലമാണ് മറ്റ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ വൈകുന്നതെന്നാണ് ലൈഫ് മിഷന് അധികൃതര്‍ അറിയിച്ചതെന്ന് പഞ്ചായത്തധികൃതർ പറയുന്നു. മറ്റു ജോലികള്‍ മഴ മാറി നില്ക്കുന്ന മുറക്ക് ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അധികൃതർപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.