തൊടുപുഴ: ജില്ലയില്‍ അപകടാവസ്ഥയിലുള്ള സ്കൂള്‍, അംഗൻവാടി കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. ജില്ല വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ കെട്ടിടങ്ങളോട് ചേര്‍ന്ന് വൈദ്യുതിലൈനുകള്‍ കടന്നുപോകുന്നുണ്ടോയെന്നും പരിശോധിക്കണം.
ജില്ലയില്‍ 45 സ്കൂള്‍ കെട്ടിടങ്ങളില്‍ ചെറിയരീതിയില്‍ കേടുപാട് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 25 കെട്ടിടങ്ങള്‍ക്ക് ഭാഗികമായ കേടുപാടുകളാണുള്ളത്. ഇവ അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗക്ഷമമാക്കാവുന്നതാണ്. അപകടസാധ്യതയുള്ള കെട്ടിടങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കാനും യോഗത്തില്‍ നിര്‍ദേശിച്ചു. കോടതിവിധിയെ തുടര്‍ന്ന് നിർമാണംനിലച്ച മൂന്നാര്‍ ദേശീയപാതയുമായി ബന്ധപ്പെട്ട് സര്‍ക്കാറിലേക്ക് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിട്ടുണ്ടെന്ന് ജില്ല കലക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു.
മനുഷ്യ-വന്യജീവി സംഘര്‍ഷം: ഔഷധ സസ്യകൃഷി ആരംഭിക്കും
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗശല്യം കുറക്കാൻ ഔഷധസസ്യകൃഷി ആരംഭിക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. ഔഷധസസ്യകൃഷിയിലൂടെ വന്യമൃഗശല്യം കുറക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് മികച്ച വരുമാനവും നേടാനാകും. ഔഷധസസ്യങ്ങളുടെ വിപണനത്തിനും കര്‍ഷകര്‍ക്ക് പിന്തുണ നല്കാൻ പ്രത്യേക സൊസൈറ്റി രൂപവത്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
വിദഗ്ധരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്താമെന്ന് ജില്ല കലക്ടര്‍ നിര്‍ദേശിച്ചു. ഇടമലക്കുടി മേഖലയില്‍ റോഡ് നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കമെന്ന് എ. രാജ എം.എല്‍.എ നിര്‍ദേശം നല്കി. അടിമാലി മേഖലയില്‍ ലൈഫ് മിഷന് ഭവനപദ്ധതി പ്രകാരമുള്ള വീടുകളുടെ നിർമാണം തടസ്സപ്പെട്ടതുസംബന്ധിച്ച് നടപടി സ്വീകരിക്കണം. കൈവശ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ലൈഫ് വീടുകളുടെ നിർമാണം മുടങ്ങിയത്. ലൈഫ് വീടുകള്‍ക്ക് മറ്റൊരുഅനുമതിയുടെയും ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയതാണെന്നും എം.എൽ.എ പറഞ്ഞു.
തോട്ടം മേഖലയിലെ വാഹനാപകടം: കര്‍ശന പരിശോധന വേണമെന്ന് നിർദേശം
ജില്ലയിൽ തോട്ടംമേഖലയിലടക്കം ജോലി ചെയ്യുന്നതിന് തൊഴിലാളികളെ വാഹനങ്ങളില്‍ കുത്തിനിറച്ചുകൊണ്ടുവരുന്നത് വലിയ അപകടത്തിനിടയാക്കുമെന്നും ഇക്കാര്യത്തില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും കര്‍ശന പരിശോധന നടത്തണമെന്നും എം.എം മണി എം.എൽ.എ നിര്‍ദേശിച്ചു. അതിഥി തൊഴിലാളികള്‍ക്കിടയിലെ ലഹരിഉപയോഗവും ക്രമസമാധാന പ്രശ്നങ്ങളും നിയന്ത്രിക്കുന്നതിന് ജില്ല കലക്ടര്‍ നിര്‍ദേശം നല്കി.
ഡി.ടി.പി.സിയുടെ കീഴിലെ ഹോട്ടലുകള്‍ തുറന്നുപ്രവര്ത്തിക്കുന്നതിനാവശ്യമായ നടപടിയും സ്വീകരിക്കണം. ജില്ലയിലെ വെള്ളച്ചാട്ടങ്ങളോടുചേര്ന്ന് സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും കലക്ടര്‍ നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ജില്ല പ്ലാനിങ് ഓഫിസര്‍ ദീപ ചന്ദ്രന്, വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.