പപ്പിനിമെട്ടിലേക്കുള്ള ഗേറ്റ് അടച്ചുപൂട്ടിയ നിലയിൽ
നെടുങ്കണ്ടം: 2010ൽ സ്കൂൾ പാർക്കും വാനനിരീക്ഷണ കേന്ദ്രവും, 2011ൽ സഹ്യദർശൻ പാർക്ക് പിന്നീട് പലതവണ ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി, മൂന്ന് ഉദ്ഘാടനം... അങ്ങനെ വർഷം 13 പിന്നിട്ടിട്ടും പപ്പിനിമെട്ടിലെ പാർക്ക് ഇന്നും അടഞ്ഞുതന്നെ. ഹരിതമെട്ട് എന്ന സ്കൂൾ പാർക്കും വാനനിരീക്ഷണ കേന്ദ്രവും സാമൂഹികവിരുദ്ധർ താവളമാക്കുകയും നാട്ടുകാരുടെയും സംഘടനകളുടെയും പരാതിയും ഏറിയപ്പോൾ കഴിഞ്ഞ ജനുവരിയിൽ നെടുങ്കണ്ടം പഞ്ചായത്ത് 17 ലക്ഷം രൂപ മുടക്കിയാണ് ടോയിലറ്റുകൾ, കുട്ടികൾക്ക് ആവശ്യമായ ഉപകരണങ്ങൾ എന്നിവയും പുൽത്തകിടികൊണ്ട് മനോഹരമാക്കിയ പാർക്കും നിർമിച്ചത്.
സാമൂഹികവിരുദ്ധർ നശിപ്പിച്ച വയറിങ്ങുകൾ, ജനാലകൾ, വാതിലുകൾ, ഗേറ്റ് എന്നിവ പുനർനിർമിച്ച് മൂന്നാമത്തെ ഉദ്ഘാടനും നടത്തി. എന്നിട്ടും ഗേറ്റ് അടച്ചിടുകയായിരുന്നു. ഇതോടെ എം.ജി സർവകലാശാല സാറ്റ്ലൈറ്റ് സെന്ററിലേക്കുള്ള വഴിയും അടഞ്ഞു.
നെടുങ്കണ്ടം ടൗണിനോട് ചേർന്ന് ഗവ. യു.പി സ്കൂളിനും ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനും നടുവിലാണ് സഹ്യദർശൻ പാർക്ക്. പഞ്ചായത്ത് യു.പി സ്കൂൾ 50ാം വാർഷികം, പഞ്ചായത്ത് ഭരണസമിതി അഞ്ചാംവാർഷികം, കേരള സർക്കാറിന്റെ നാലാംവാർഷികം തുടങ്ങിയ സംയുക്ത ആഘോഷങ്ങളുടെ ഭാഗമായി 2010 മേയ് 22ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് നാടിന് സമർപ്പിച്ചതായിരുന്നു സ്കൂൾ പാർക്കും വാനനിരീക്ഷണ കേന്ദ്രവും.
അന്നത്തെ ഭരണസമിതി നിർമാണത്തിനായി ലക്ഷങ്ങൾ മുടക്കിയതിനുപുറമെ 2012ൽ മാറിവന്ന പഞ്ചായത്ത് ഭരണസമിതി അൽപം പരിഷ്കരിച്ച് സഹ്യദർശൻ പാർക്ക് എന്ന പേരിട്ട് രണ്ടാമതൊരു ഉദ്ഘാടനവും നടത്തി പണം ധൂർത്തടിച്ചു. 2010ൽ എം.ജി യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജൻ ഗുരുക്കൾ, സ്കൂൾ പാർക്കിന്റെയും വാനനിരീക്ഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നടത്തി.
വനവത്കരണവും പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടുവളർത്തി പൂമ്പാറ്റകൾക്കും പക്ഷികൾക്കും പറന്നുനടക്കാൻ അവസരമൊരുക്കുമെന്നും അന്നത്തെ ഭരണസമിതി അറിയിച്ചിരുന്നു. ഇതിനായി വിദ്യാലയങ്ങൾക്കും ക്ലബുകൾക്കും സംഘടനകൾക്കും സ്ഥലം തിരിച്ചുനൽകാനും പദ്ധതിയിട്ടിരുന്നു.
തേക്കടിയിലും മൂന്നാറിലും രാമക്കൽമേട്ടിലും മറ്റും എത്തുന്ന വിനോദസഞ്ചാരികൾ ഇടത്താവളമായ നെടുങ്കണ്ടത്തെത്തുമ്പോൾ ഈ ചെറിയ കുന്നിന്മുകളിലെത്തി വിശ്രമിക്കാനും പ്രകൃതിസൗന്ദര്യം നുകരാനുംവേണ്ടി നിർമിച്ചതായിരുന്നു സഹ്യദർശൻ പാർക്ക്.
നെടുങ്കണ്ടം നിവാസികൾക്ക് സായംസന്ധ്യയിൽ വിശ്രമിക്കാനും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ആകാശക്കാഴ്ചകൾ കാണാനും അവസരമൊരുക്കി രണ്ട് നിലകളിലായി വാച്ച് ടവറും ദൂരദർശിനിയും സ്ഥാപിച്ചിരുന്നു. സെന്ററിലെത്തുന്നവർക്ക് വിശ്രമിക്കാൻ ചാരുബെഞ്ചുകളും കുട്ടികൾക്കായി വിനോദ ഉപാധികളും ഒപ്പം മിനി സൂപ്പർമാർക്കറ്റും പ്രവർത്തനം ആരംഭിച്ചിരുന്നു.
2012ൽ മാറിവന്ന പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ പേരിടീൽ നടത്തിയ സഹ്യദർശൻ പാർക്ക് അന്നത്തെ എം.പി പി.ടി. തോമസ് ഉദ്ഘാടനം ചെയ്തു.അധികം താമസിയാതെ സാമൂഹികവിരുദ്ധർ ഇവിടം കൈക്കലാക്കി തകർത്ത് തരിപ്പണമാക്കി. ഇത്രയെല്ലാമായപ്പോൾ നിലവിലെ പഞ്ചായത്ത് ഭരണസമിതി ജനുവരിയിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും തുറന്നുകൊടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.