പട്ടിണി സമരം നടത്തുന്ന ദുരന്തബാധിതർ
അടിമാലി: അടിമാലി ലക്ഷംവീട് മണ്ണിടിച്ചിൽ ദുരന്തത്തിൽ എല്ലാം നഷ്‌ടമായ ദുരന്തബാധിതർ പട്ടിണി സമരത്തിലേക്ക്. ഒരു മാസമായി നടത്തുന്ന സമരം സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ദുരന്തബാധിതർ പട്ടിണി സമരം തുടങ്ങിയത്. അടിമാലി പഞ്ചായത്ത് ഓഫിസ് വരാന്തയിലാണ് ഗർഭിണികളും വയോധികരും ഉൾപ്പെടെ 17 കുടുംബങ്ങളിൽ ഉൾപ്പെട്ടവർ വ്യാഴാഴ്ച മുതൽ പട്ടിണി സമരം തുടങ്ങിയത്. അപകടം നടന്ന് ഒരു വർഷമാകാറായിട്ടും വീടെന്ന ആവശ്യം ഭരണകൂടം പരിഗണിക്കാത്തതിനെതിരെയായിരുന്നു സമരം.
പട്ടിണിസമരം ആരംഭിക്കുമെന്ന് അധികൃതരെ അറിയിച്ചിരുന്നെങ്കിലും റവന്യൂ ഉദ്യോഗസ്ഥരോ മറ്റുള്ളവരോ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. രാഷ്ട്രീയപാർട്ടി പ്രതിനിധികളും സ്ഥലം എം.എൽ.എയും തങ്ങളെ പറഞ്ഞു വഞ്ചിച്ചതായി സമരക്കാർ പറയുന്നു. പ്രശ്നത്തിന് പരിഹാരം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് ഇവർ പറയുന്നത്. ജൂൺ 25നാണ് ഈ കുടുംബങ്ങൾ സമരം തുടങ്ങിയത്. 2025 ഒക്ടോബർ 25ന് അശാസ്ത്രീയ റോഡു നിർമാണത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഇവർക്ക് വീടും സ്ഥലവും നഷ്ടപ്പെട്ടത്.
വീട് പൂർണമായും മണ്ണിനടിയിലായ ഒമ്പത് കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. എന്നാൽ, വീട് വാസയോഗ്യമല്ലാതായ 17 കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക സഹായവും നൽകിയില്ല. മാസങ്ങളായി ഇവർ വാടകക്കാണ് കഴിയുന്നത്. ഒമ്പത് കുടുംബങ്ങൾക്ക് നൽകിയ സർക്കാർ സഹായം ഇവർക്കും നൽകണമെന്നാവശ്യപ്പെട്ട് ജില്ല ഭരണകൂടം സർക്കാറിന് കത്ത് നൽകിയിട്ട് ആഴ്ചകൾ പിന്നിട്ടു. ഇതിൽ തീരുമാനമാകാതെ വന്നതോടെയാണ് ഇവർ സമരം കടുപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.