ഒളമറ്റത്തെ തെക്കുംഭാഗവുമായി ബന്ധിപ്പിക്കുന്ന കമ്പിപ്പാലം തകർന്നതിനാൽ
അക്കരെ കടക്കാൻ കടത്തുവഞ്ചി കാത്തുനിൽക്കുന്നവർ
തൊടുപുഴ: പ്രളയത്തിൽ തകർന്ന ഒളമറ്റം കമ്പിപ്പാലം വർഷങ്ങൾ പിന്നിടുമ്പോഴും പുനർനിർമിക്കാൻ ഒരു നടപടിയുമില്ല. പുഴ കടക്കാനാകാതെ കിലോമീറ്ററുകൾ വട്ടംചുറ്റിയാണ് നാട്ടുകാർ തൊടുപുഴക്കെത്തുന്നത്. ഒളമറ്റം പ്രദേശത്തെയും ഇടവെട്ടി പഞ്ചായത്തിലെ തെക്കുംഭാഗത്തെയും എളുപ്പത്തിൽ ബന്ധിപ്പിച്ചിരുന്നത് ഈ തൂക്കുപാലമായിരുന്നു.
2018 ലെ പ്രളയത്തിലാണ് പാലം തകർന്നത്. ഇപ്പോഴും പാലത്തിന്‍റെ അവശിഷ്ടങ്ങൾ ഇരു കരകളിലുമായി കാണാം. പാലത്തിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം വിവിധ മേഖലകളിൽനിന്ന് ഉയർന്നിട്ടും നടപടികൾ ഒന്നുമുണ്ടായിട്ടില്ല. പ്രളയത്തെ തുടർന്ന് പുഴയിലുണ്ടായ ശക്തമായ ഒഴുക്കിലെത്തിയ മരം വന്നിടിച്ചാണ് പാലം തകർന്നത്. മേഖലയിലെ നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ആശ്രയമായിരുന്നു ഈ നടപ്പാലം. കാഞ്ഞിരമറ്റത്തും തെക്കുംഭാഗത്തുമുള്ളവർ ബസ് കയറാൻ കമ്പിപ്പാലം കടന്നാണ് തൊടുപുഴ- മൂലമറ്റം റൂട്ടിൽ ഒളമറ്റത്തെത്തിയിരുന്നത്.
പാലം തകർന്നതോടെ തൊടുപുഴ ടൗണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇവിടെ ഒരു കടത്തുവള്ളം സർവിസ് നടത്തുന്നുണ്ടെങ്കിലും മഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇതും നിലക്കും. മഴ ശക്തി പ്രാപിക്കുന്നതോടെ നാട്ടുകാർക്ക് ഇതുവഴി കടന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ്.
കമ്പിപ്പാലത്തിന് പകരം കോൺക്രീറ്റ് പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി രൂപവത്കരിച്ച് എം.പി, എം.എൽ.എ, കലക്ടർ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും നടപടികൾ ഒന്നുമുണ്ടായില്ല. അടിയന്തരമായി പാലം നിർമിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.