തൊടുപുഴ: ഇടുക്കിയിൽ കാട്ടാന ശല്യം പതിവാകുമ്പോഴും നോക്കുകുത്തിയായി പ്രതിരോധ പ്രവർത്തനങ്ങൾ; 10 മാസത്തിനുള്ളിൽ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് അഞ്ച് ജീവനുകളാണ്. ഇതിൽ പീരുമേട് താലൂക്കിൽ മാത്രം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 2024ൽ ഏഴ് പേരാണ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 47 പേർ മരിച്ചതായാണ് സർക്കാർ കണക്ക്. ഏറ്റവുമൊടുവിൽ കാട്ടാനക്കലിക്ക് ഇരയായത് പന്നിയാർ എസ്റ്റേറ്റിലെ മുൻ ജീവനക്കാരനായ വേലുച്ചാമിയാണ് (62). ഇതിന് രണ്ട് മാസം മുമ്പ് ജൂലൈ 29ന് റബർ കർഷകനായ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (64) മതമ്പയിൽ പാട്ടത്തിനെടുത്ത റബർ തോട്ടത്തിൽ മകൻ രാഹുലിനൊപ്പം ടാപ്പിങ് നടത്തുന്നതിനിടെ കൊല്ലപ്പെട്ടിരുന്നു. ഇതിനും ഒന്നര മാസം മുമ്പ് ജൂൺ 12നാണ് പീരുമേട് തോട്ടാപ്പുരയിലെ ആദിവാസി വീട്ടമ്മ സീത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പുരുഷോത്തമനെ കാട്ടാന ആക്രമിച്ച സ്ഥലത്ത് നിന്ന് നാല് കിലോ മീറ്റർ അകലെ ഫെബ്രുവരി പത്തിന് കൊമ്പൻപാറ നെല്ലിവിള പുതുപ്പറമ്പിൽ സോഫിയ ഇസ്മായിലിനെ (46) കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
ഫെബ്രുവരിയിൽ ചിന്നാർ വന്യ ജീവി സങ്കേതത്തിൽ ഫയർലൈൻ തെളിക്കാൻ പോയ ചമ്പക്കാട് ഗോത്രവർഗ ഗ്രാമത്തിലെ വിമൽ മരിക്കുന്നതും കാട്ടാന ആക്രമണത്തിലാണ്. കാടിറങ്ങുന്ന വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്തി ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കുകുത്തിയായി മാറുകയാണെന്നാണ് ആക്ഷേപം. മുമ്പെങ്ങുമില്ലാത്തവിധം വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും ഫലപ്രദമായ പ്രതിരോധ നടപടികൾ ഒരുക്കാൻ കഴിയാത്തത് വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കുന്നുണ്ട്. വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങാൻ കാരണം വനത്തിലെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതു കൊണ്ടാണെന്നാണ് വനം വകുപ്പിന്റെ വാദം. കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുമ്പോൾ വനംവകുപ്പിൽ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസം നേരിടുന്നതായും ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാണെന്നും ആക്ഷേപമുണ്ട്. പലരും കൃഷി ഉപേക്ഷിച്ച് പ്രദേശത്ത് നിന്ന് പിന്തിരിയുന്ന സംഭവങ്ങളും കൂടി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.