പ്രതീകാത്മക ചിത്രം

ഇടുക്കിയിൽ അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്കില്ല; എ​ങ്ങു​മെ​ത്താ​തെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി

തൊടുപുഴ: ഭരണ മാറ്റമുണ്ടായി നാല് മാസം പിന്നിടുമ്പോഴും ഇടുക്കിയിൽ അന്തർ സംസ്ഥാനക്കാരുടെ കണക്കെടുപ്പിന് വേഗതയില്ല. സംസ്ഥാന സർക്കാരും തൊഴിൽ വകുപ്പും ആരംഭിച്ച നടപടി ക്രമങ്ങളെല്ലാം ഇഴഞ്ഞ് നീങ്ങുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയും തൊഴിലാളികളുടെയും തൊഴിലുടമകളുടേയും നിസംഗതയുമാണ് ഇക്കാര്യത്തിൽ വില്ലനാകുന്നത്. രേഖകളില്ലാതെ നിരവധി അന്തർ സംസ്ഥാനക്കാരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തൊഴിലെടുക്കുന്നത്.

ആപ് റെഡി; രജിസ്റ്റർ ചെയ്യാൻ തൊഴിലാളികൾക്ക് മടി

ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പിനും രജിസ്ട്രേഷൻ പ്രാവർത്തികമാക്കുന്നതിനുമായി തൊഴിൽ വകുപ്പ് അതിഥി പോർട്ടൽ ആരംഭിച്ചിരുന്നു. സംസ്ഥാനത്തേക്ക് കുടിയേറുന്നതിനു മുമ്പ് തൊഴിലാളികളുടെ വിവരങ്ങൾ വകുപ്പിൽ രജിസ്റ്റർ ചെയ്യുന്നതിനും അവരുടെ വിശദാംശങ്ങൾ ലഭ്യമാക്കുവാനുമാണ് ലക്ഷ്യമിട്ടത്. 2024 ഒക്ടോബർ മുതൽ അതിഥി പോർട്ടൽ മൊബൈൽ ആപ്ലിക്കേഷനായി രൂപവത്കരിക്കുകയും പ്ലേസ്റ്റോറിൽ ഹോസ്റ്റ് ചെയ്യുകയും ചെയ്തു.

പോർട്ടൽ മുഖേന അതിഥി തൊഴിലാളികളുടെ പേര്, മൊബൈൽ നമ്പർ, വയസ്സ്, ലിംഗം, ജോലി, മാതൃഭാഷ, മേൽവിലാസം, സംസ്ഥാനം, ജില്ല, പൊലീസ് സ്റ്റേഷൻ, കേരളത്തിലെ താമസസ്ഥലത്തിന്റെ മേൽവിലാസം (ജില്ല, താലൂക്ക്, വില്ലേജ് ഉൾപ്പെടെ), ജോലി, ജോലി സ്വഭാവം, ആധാർ, ആവാസ് നമ്പർ, കുടുംബ വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളിയുടെയും വ്യക്തിവിവരങ്ങളും ആധാർ കാർഡും ലേബർ ഓഫിസർമാർ പരിശോധിച്ചതിന് ശേഷം പോർട്ടൽ മുഖേന രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികൾക്ക് 'യൂനിക് ഐഡന്റിഫിക്കേഷൻ നമ്പർ' ഉൾപ്പെടെ കാർഡ് നൽകും.

വൻ ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിക്കും കാര്യമായ പ്രയോജനമുണ്ടായില്ല. സർക്കാർ കണക്കിൽ നിലവിൽ ഇടുക്കിയിലുളളത് 29,207 അന്തർ സംസ്ഥാന തൊഴിലാളികൾ മാത്രമാണ്. തൊഴിലുടമകളും തൊഴിലാളികളും നിസഹകരിക്കുന്നതാണ് പ്രശ്നമെന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരുടെ താത്പര്യക്കുറവാണ് പദ്ധതി ഇഴയാൻ കാരണമെന്ന് മറുവിഭാഗവും വാദിക്കുന്നുണ്ട്.

രജിസ്റ്റർ ചെയ്യാതെ ആയിരങ്ങൾ

ഔദ്യോഗിക വിവരങ്ങൾ നൽകാതെ നിരവധി തൊഴിലാളികൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തോട്ടം മേഖലകളിലും വിവിധ തൊഴിലിടങ്ങളിലും ഇവർ സജീവമാണ്. ഇതോടെ പകർച്ച വ്യാധികൾ പിടിപെടുമ്പോഴും ക്രിമിനൽ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഉദ്യോഗസ്ഥർക്കുണ്ടാക്കുന്ന തലവേദന ചെറുതല്ല. ഓപറേഷൻ തൂഫാന്‍റെ ഭാഗമായി ലഹരിക്കെതിരെ പൊലീസ് നടത്തുന്ന പരിശോധനകളിലും നിരവധി അന്തർ സംസ്ഥാനക്കാർ പിടിയിലാകുന്നുണ്ട്.

ഇതര സംസ്ഥാനങ്ങളിൽനിന്നുളള ലഹരിക്കടത്തിനും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾക്കും ഇവരെ വലിയ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഒരു വർഷത്തിനിടെ അന്തർ സംസ്ഥാനക്കാർ പ്രതികളായ ഒരു ഡസനിലേറെ ക്രിമിൽകേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതടക്കം രേഖകളില്ലാതെ താമസിക്കുന്ന തൊഴിലാളികൾ ഔദ്യോഗിക സംവിധാനങ്ങൾക്ക് തലവേദനയാകുന്നു.

Tags:    
News Summary - Authorities Blind to Actual Numbers of Guest Workers in Idukki District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.