തൊടുപുഴ: അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിൽ പദ്ധതികൾ തയാറാക്കി പഞ്ചായത്തുകൾ. ഇതിന്റെ ഭാഗമായി 52 പഞ്ചായത്തിലും രണ്ട് മുനിസിപ്പാലിറ്റിയിലും മൈക്രോ പ്ലാനുകൾ പൂർത്തിയാക്കി.
ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ അതിദരിദ്രരെ കണ്ടെത്താനുള്ള സർവേ നടപടി പൂർത്തിയാക്കിയിരുന്നു. 2665 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ആവശ്യത്തിന് പോഷകാഹാരവും ഭക്ഷണവും ലഭിക്കാത്ത 1710 പേരാണ് പട്ടികയിൽ. 1401 പേർക്ക് കിടപ്പാടമില്ലെന്നും കണ്ടെത്തി. അഞ്ച് പഞ്ചായത്തുകളിൽ മാത്രമാണ് നൂറിന് മുകളിൽ അതിദരിദ്ര കുടുംബങ്ങളുള്ളത്. അതിദരിദ്ര കുടുംബങ്ങളിൽ 2359 എണ്ണം ഗ്രാമപഞ്ചായത്ത് പരിധികളിലാണ്. ഇവയിൽ 233 എണ്ണം പട്ടികവർഗ കുടുംബങ്ങളും 594 പട്ടികജാതി കുടുംബങ്ങളുമാണ്.
ഇവരെ നിലവിലെ സാഹചര്യത്തിൽനിന്ന് കരകയറ്റുക ലക്ഷ്യമിട്ടാണ് പഞ്ചായത്തുകൾ, ബ്ലോക്കുകൾ എന്നിവയുടെ നേതൃത്വത്തിൽ മൈക്രോപ്ലാൻ അവതരണവും ശിൽപശാലയും നടന്നുവരുന്നത്. ഒരു കുടുംബത്തിന് ഒരു പ്ലാൻ എന്ന രീതിയിലാണ് തയാറാക്കുന്നത്. ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ തരംതിരിക്കും.
താമസിക്കാൻ സ്ഥലമില്ലാത്തവർ, ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങൾക്കും വകയില്ലാത്തവർ എന്നിങ്ങനെ അടിയന്തര സഹായം വേണ്ടവർക്കാണ് ആദ്യ പരിഗണന. വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങളാണ് ദീർഘകാല പ്ലാനായി ചേർത്തത്.
60 വയസ്സ് കഴിഞ്ഞ വയോധികരുള്ള കുടുംബങ്ങൾ, ഒരു വരുമാനവും ഇല്ലാത്തവർ, ഗുരുതര രോഗങ്ങൾ പിടിപെട്ട കിടപ്പുരോഗികളുള്ള കുടുംബങ്ങൾ, അനാഥരായ കുട്ടികളുള്ള കുടുംബങ്ങൾ, ഭിന്നശേഷി വ്യക്തിത്വങ്ങളുള്ള പ്രത്യേക വരുമാനമില്ലാത്ത കുടുംബങ്ങൾ, കേരളത്തിൽ സ്ഥിരതാമസമാക്കിയ വരുമാനമില്ലാത്ത അന്തർസംസ്ഥാന തൊഴിലാളി കുടുംബങ്ങൾ തുടങ്ങി വിവിധ തലങ്ങളിലുള്ള, ദാരിദ്ര്യത്താൽ വിഷമിക്കുന്നവരെ കണ്ടെത്തി അവരുടെ ജീവിതത്തെ കരുത്തുറ്റതാക്കി മാറ്റാൻ ദാരിദ്ര്യ നിർമാർജന പരിപാടിയിലൂടെ സാധിക്കും. എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിൽ തദ്ദേശ സ്ഥാപനങ്ങളുടെ പരിമിതി മറികടക്കാൻ വ്യാപാരി -വ്യവസായി സംഘടനകൾ, പ്രവാസി സംഘടനകൾ, സന്നദ്ധ- സാമൂഹിക സംഘടന പ്രതിനിധികൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാറാക്കും. ഇതിനായി കോഓഡിനേഷൻ കമ്മിറ്റികൾ തദ്ദേശ സ്ഥാപനങ്ങൾ രൂപവത്കരിക്കും.
ജില്ലതലത്തിൽ കുടുംബങ്ങളുടെ പട്ടിക ക്രോഡീകരിച്ച് ഒരിക്കൽക്കൂടി പട്ടിക പരിശോധിച്ച് അർഹതപ്പെട്ടവർ തന്നെയാണോ എന്ന് ഉറപ്പാക്കും. ഓരോ പഞ്ചായത്തിലും വാർഡ്തല സമിതികൾ ചേർന്നാണ് പദ്ധതി രൂപവത്കരണം. നാല് വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.