തൊ​ടു​പു​ഴ കെ.​എ​സ്.​ആ​ർ.​ടി.​സി ​ഡി​പ്പോ

തൊടുപുഴ ഡിപ്പോ രണ്ടാഴ്ചക്കകം പൂർണ സജ്ജമാകും

തൊടുപുഴ: ഉദ്ഘാടനം കഴിഞ്ഞ കെ.എസ്.ആർ.ടി.സി ഡിപ്പോ രണ്ടാഴ്ചക്കകം പൂർണതോതിൽ പ്രവർത്തനസജ്ജമാകും. ഇതിനായുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.ഇപ്പോഴും താൽക്കാലിക സ്റ്റാൻഡിൽനിന്നാണ് സർവിസുകൾ പുറപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഡിപ്പോയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഫോൺ കണക്ഷൻ ഇങ്ങോട്ട് മാറ്റി സ്ഥാപിക്കലാണ് ആദ്യം പൂർത്തിയാക്കാനുള്ളത്. ഇതിനു ശേഷമേ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസുകളുടെയടക്കം പ്രവർത്തനം തുടങ്ങാനാകൂ. നെറ്റ് കണക്ഷൻ ഉൾപ്പെടെ സജ്ജമായശേഷം ഡി.ടി.ഒ ഓഫിസും ഇവിടേക്ക് മാറ്റും. വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ വർക്ഷോപ് ഗാരേജ് ഉൾപ്പെടെ പൂർണമായും മാറ്റാനാണ് തീരുമാനം. ജല അതോറിറ്റിയിൽ പണം അടച്ച് കുടിവെള്ള കണക്ഷൻ എടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിനായി തുക അനുവദിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ കണക്ഷൻ ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.

ഓഫിസ് സംവിധാനം യാത്രക്കാർക്കുള്ള ശൗചാലയ സൗകര്യം, ഡീസൽ പമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എന്നിവ നേരത്തേ തന്നെ ഒരുക്കിയിരുന്നു. ഇനി യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളടക്കം സജ്ജീകരിക്കാനുണ്ട്. ഇതിന് സ്പോൺസർഷിപ് വഴി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഡിപ്പോയുടെ പ്രവർത്തനം പൂർണതോതിലാക്കാനുള്ള നടപടി വേഗത്തിൽ സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ടെന്ന് തൊടുപുഴ എ.ടി.എ പറഞ്ഞു. ഇതിനനുസരിച്ചുള്ള പ്രവർത്തനങ്ങളുമായാണ് കെ.എസ്.ആർ.ടി.സി മുന്നോട്ട് പോകുന്നതെന്നും എ.ടി.ഒ വ്യക്തമാക്കി. താൽക്കാലിക സ്റ്റാൻഡിൽനിന്ന് ബസുകൾ പുറപ്പെട്ടാലും പുതിയ സ്റ്റാൻഡിൽ കയറിയ ശേഷമാണ് പോകുന്നത്. മൂപ്പിൽകടവ് റോഡിൽനിന്ന് ബസുകൾ ഡിപ്പോയിൽ പ്രവേശിച്ച് ഇടുക്കി റോഡിലൂടെ പുറത്തേക്ക് പോകുന്ന രീതിയിലാണ് ഇപ്പോൾ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. നിർമാണം തുടങ്ങി ഒമ്പത് വർഷം പിന്നിട്ട ശേഷമാണ് ഡിപ്പോയുടെ ഉദ്ഘാടനം നടന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഡിപ്പോയുടെ ഉദ്ഘാടനം പലതവണ പ്രഖ്യാപിച്ചിരുന്നെങ്കിലും നീണ്ടുപോയത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

Tags:    
News Summary - Thodupuzha depot will be fully operational within two weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.