പരിശോധന വ്യാപകം പത്ത് കടകൾ അടപ്പിച്ചു; 11 എണ്ണത്തിന് നോട്ടീസ്

തൊടുപുഴ: ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 10 കടകൾ അടപ്പിച്ചു. 11 കടകൾക്ക് നോട്ടീസ് നൽകി. വിവിധ സ്ഥാപനങ്ങളിൽനിന്ന് 60,000 രൂപ പിഴ ഈടാക്കുകയും മീൻ ഉൾപ്പെടെ ഉപയോഗയോഗ്യമല്ലാത്ത 31 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്തിന്‍റെ പലഭാഗത്തും തുടർച്ചയായി ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഓപറേഷൻ മത്സ്യ എന്ന പേരിൽ മീൻ വിൽപനശാലകളിലും ഓപറേഷൻ ഷവർമ എന്ന പേരിൽ ഹോട്ടലുകളിലും പരിശോധന ഊർജിതമാക്കിയത്.

തൊടുപുഴ വെങ്ങല്ലൂർ, ഷാപ്പുംപടി ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച അഞ്ച് കടകൾ പൂട്ടിച്ചു. ഷവർമ കടകൾ, ജ്യൂസും ഷെയ്ഖും വിൽക്കുന്ന സ്ഥാപനങ്ങൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നാല് കടകൾക്ക് നോട്ടീസ് നൽകി. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങളിൽനിന്ന് 40,000 രൂപ പിഴ ഈടാക്കി.

തൊടുപുഴയിൽ ഷവർമയിൽ കൃത്രിമ നിറം ചേർത്തതിന് ഒരു സ്ഥാപനത്തിന് നോട്ടീസ് നൽകുകയും കൃത്രിമ നിറം ചേർത്ത് ബേക്കറിയിൽ വിൽപനക്കുവെച്ച എട്ടുകിലോ ഷവർമ നശിപ്പിക്കുകയും ചെയ്തു. തൊടുപുഴയിൽ തന്നെ എട്ടുകിലോ അൽഫാം ചിക്കനും കുഴിച്ചുമൂടി.

കട്ടപ്പനയിൽ പരിശോധന നടത്തിയ 12 സ്ഥാപനങ്ങളിൽ നാലെണ്ണത്തിന് നോട്ടീസ് നൽകി. ചെറുതോണിയിൽ 10 കടകളിലാണ് പരിശോധന നടത്തിയത്. ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരെണ്ണം അടപ്പിച്ചു. ചെറുതോണിയിൽ മറ്റൊരിടത്ത് വൃത്തിഹീനമായ പെട്ടിയിൽ കൊണ്ടുവന്ന ഏഴുകിലോ ഖുബ്ബൂസ് നശിപ്പിച്ചു.

ചെറുതോണിയിലെ മത്സ്യവിൽപന സ്റ്റാളിൽനിന്ന് എട്ടുകിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മൂന്നാറിൽ 14 കടകളിൽ പരിശോധന നടത്തി.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന രണ്ടും ലൈസൻസില്ലാത്ത രണ്ടും സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും 20,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കുമളിയിൽ 13 ഇടങ്ങളിൽ പരിശോധന നടത്തി. മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കുന്ന മുറക്ക് തുറക്കാൻ അനുവദിക്കും.

ഏപ്രിൽ അവസാനവാരം തൊടുപുഴ, നെടുങ്കണ്ടം, അടിമാലി മേഖലകളിൽ വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 210 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഭക്ഷ്യസുരക്ഷ ഓഫിസർമാരായ എം.എൻ. ഷംസിയ (തൊടുപുഴ), ആൻമേരി ജോൺസൺ (ഉടുമ്പൻചോല), ബൈജു പി.ജോസഫ് (ദേവികുളം), പ്രശാന്ത് (പീരുമേട്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    
News Summary - Ten shops closed due to inspection; Notice for 11 counts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.