തൊടുപുഴ: കുരച്ച് പാഞ്ഞെത്തുന്ന നായ്ക്കളുടെ മുന്നിൽ പകച്ച് നിൽക്കുകയാണ് കാൽനടക്കാരടക്കമുള്ളവർ. കൈയിൽ എന്തെങ്കിലും സാധനങ്ങളുമായാണ് വരുന്നതെങ്കിൽ മണത്ത് പിന്നാലെ കൂടും.വേഗം കൂട്ടിയാൽ മുരണ്ട് തുടങ്ങും. അവിടവിടങ്ങളിലായി നിൽക്കുന്ന നായ്ക്കളും പിറകെ കൂടും. ഭയന്ന് ഓടി മാറാൻ നോക്കിയാൽ കടി ഉറപ്പ്.റോഡിലൂടെയും മറ്റും നടന്നു പോകുന്ന യാത്രക്കാർക്ക് നായ്ക്കളെ കണ്ടാൽ ഇപ്പോൾ നെഞ്ചിടിപ്പാണ്. അത്രക്കുണ്ട് ജില്ലയിൽ നായ്ക്കളുടെ അതിക്രമം. ഞായറാഴ്ച മാത്രം 21 പേർക്കാണ് ജില്ലയിൽ വളർത്തു നായ്ക്കളുടെയും തെരുവ് നായ്ക്കളുടെയും ഉൾപ്പെടെ കടിയേറ്റത്. നായ്ക്കളുടെ കടിയേറ്റ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ടാഴ്ചക്കിടെ ചികിത്സ തേടി എത്തിയവര്‍ 304 പേരാണ്.
കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാറിൽ തെരുവുനായുടെ കടിയേറ്റ് രണ്ട് കുട്ടികള്‍ക്കാണ് പരിക്കേറ്റത്. വണ്ടിപ്പെരിയാര്‍ ജങ്ഷനിലും മിനി സ്റ്റേഡിയത്തിനു സമീപവും കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് തെരുവു നായ ആക്രമിച്ചത്. വണ്ടിപ്പെരിയാര്‍ മഞ്ജുമല സ്വദേശിയായ ശരവണന്റെ മകള്‍ മിനി (മൂന്ന്), വള്ളക്കടവ് സ്വദേശി ആലോകിന്റെ മകള്‍ നിഹ (അഞ്ച്) എന്നി കുട്ടികള്‍ക്കാണ് പരിക്കേറ്റത്.മാതാപിതാക്കള്‍ക്കൊപ്പം പശുമല ജങ്ഷന് സമീപം റോഡരികില്‍ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് മൂന്നു വയസുകാരിയുടെ മുഖത്ത് തെരുവു നായ കടിച്ചത്. നിഹ മിനി സ്റ്റേഡിയത്തിനു സമീപം കളിക്കുകയായിരുന്നു. ഇരുവരെയും വണ്ടിപ്പെരിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സ നല്കി. സാരമായി പരിക്കേറ്റ മിനിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
നെടുങ്കണ്ടം: നായ്ക്കളുടെ വിഹാരകേന്ദ്രമായി തൂക്കുപാലം ടൗൺ. തെരുവ് നായ്ക്കൾക്കൊപ്പം വളർത്തുനായ്ക്കളും കൂടിയതോടെ ജനം ഭീതിയിലാണ്. ഏതാനും ദിവസം മുമ്പാണ് 50ഓളം വളർത്തുനായ്ക്കളെ മാർക്കറ്റിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചത്.ഉടമകളെ തിരഞ്ഞ് ടൗണിലൂടെ അലയുന്ന ഇവ തെരുവ് നായ്ക്കളുമായി കടിപിടി കൂടുകയാണ്. വളർത്തുനായ്ക്കളെ വന്ധ്യംകരണത്തിനായി പിടിച്ചുകൊണ്ടുപോയ ശേഷം തിരികെ മാര്‍ക്കറ്റില്‍ ഉപേക്ഷിച്ചതാണോ എന്നും സംശയമുണ്ട്. തെരുവ് നായ്ക്കളെക്കാള്‍ ആക്രമണകാരികളാണ് ഈ വളര്‍ത്തു നായ്ക്കളെന്നാണ് തൂക്കുപാലം നിവാസികള്‍ പറയുന്നു.
തൂക്കുപാലം പാലം ജങ്ഷനിലെ നായ്ക്കുട്ടം
അമ്പതേക്കര്‍ ഭാഗത്ത് നൂറോളം നായ്ക്കളെ സ്വകാര്യ വ്യക്തി വളര്‍ത്തുന്നതായി അറിഞ്ഞ് ലൈസന്‍സും മറ്റും എടുക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ ഏതാനും ദിവസം മുമ്പ് നിർദേശിച്ചിരുന്നു.കൂട്ടത്തോടെ എത്തുന്ന നായ്ക്കള്‍ നാട്ടുകാരെ കടിക്കാന്‍ പായുന്നതും ഭീതി വിതക്കുന്നു. മാസങ്ങള്‍ക്ക് മുമ്പ് തൂക്കുപാലത്തും നെടുങ്കണ്ടത്തും തേര്‍ഡ് ക്യാമ്പിലുമായി നിരവധി പേരെ തെരുവുനായ് കടിച്ചിരുന്നു. നായ് ശല്യം ടൗണില്‍ രൂക്ഷമായതോടെ യാത്രക്കാര്‍ക്ക് വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.