തൊടുപുഴ: ജില്ലയിലെ ടൂറിസം സാധ്യതകൾക്ക് വലിയ കുതിപ്പേകുന്ന ഇറിഗേഷൻ ടൂറിസം പദ്ധതിക്ക് കോളപ്ര മുനമ്പിൽ തുടക്കമാകുന്നു. തൊടുപുഴക്കടുത്തുള്ള കാഞ്ഞാറിനും കോളപ്ര മുനമ്പ് മധ്യേയുള്ള ജലാശയത്തോട് ചേർന്നുള്ള ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിനോദസഞ്ചാര പദ്ധതി നടപ്പാക്കുന്നതെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ നോഡൽ ഏജൻസിയായി നടപ്പാക്കുന്ന പദ്ധതിക്ക് 116.20 കോടിയാണ് അടങ്കൽ തുകയായി നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നാല് സോണുകളായി തിരിച്ചാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. ജലാശയങ്ങളുടെ സംരക്ഷണം മുൻനിർത്തി കോൺക്രീറ്റ് നിർമാണങ്ങൾക്ക് പകരം പ്രീ-ഫാബ്രിക്കേറ്റഡ് സ്റ്റീൽ ഉപയോഗിച്ചുള്ള നിർമാണങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്.
വിനോദസഞ്ചാരരംഗത്ത് വൻകുതിച്ചു ചാട്ടം
സ്കൈ വാക്, ബോട്ടിങ്, ബങ്കി ജംപ്, ഓപൺ ജിം, ജെറ്റ് സ്കീ, ഫ്ലൈ ബോർഡ്, ബഗ്ഗി, ചിൽഡ്രൻസ് പാർക്ക്, ഇൻഡോർ ഗെയിംസ്, ഫിഷ് പോണ്ട്, ജെയൻറ് സ്വിങ്, അക്വാട്ടിക് സ്പോർട്സ് തുടങ്ങിയ വിനോദോപാധികൾ ഉൾപ്പെടുന്നതാണ് പദ്ധതി. ഇടുക്കിയിലെ വിനോദസഞ്ചാര രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാക്കുന്നതാണ് പദ്ധതി. ധാരാളം സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതി ജില്ലയിലെ ചെറുകിട കച്ചവടക്കാർ മുതൽ മുഴുവൻ പേർക്കും ഗുണകരമാകുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതി പ്രദേശത്തിന് മുകൾഭാഗത്തായി കേരള വാട്ടർ അതോറിറ്റിയുടെയും പഞ്ചായത്തിന്റെയും കുടിവെള്ള പമ്പിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്.
അതിനാൽ, ഒരു കാരണവശാലും ജലസ്രോതസ്സുകൾ മലിനമാകാത്ത രീതിയിലുള്ള ശാസ്ത്രീയമായ മലിനജല സംസ്കരണ സംവിധാനങ്ങൾ ഏജൻസി ഉറപ്പാക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ജലസേചന വകുപ്പിന്റെയും കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെയും നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുകയെന്നും ഇടുക്കിയുടെ വിനോദസഞ്ചാര ഭൂപടത്തിൽ കോളപ്ര മുനമ്പ് പ്രധാന അടയാളമായി മാറുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
പ്രകൃതി മനോഹര കാഴ്ചകളാൽ സമ്പന്നം
ജില്ലയിലെ മലയോര മേഖലയിലേക്കുള്ള പ്രവേശന കാവടമാണ് മൂലമറ്റം കോളപ്ര ഭാഗം. നിരവധി സിനിമകളുടെ ഇഷ്ടലൊക്കേഷൻ കൂടിയാണ് ഈ ഭാഗം. പുതിയ നിർമാണം നടത്തുന്നത് ടൂറിസത്തിന് മുന്നേറ്റമാകും. പ്രകൃതി മനോഹരമായ കാഴ്ചകളും കാലാവസ്ഥയും സഞ്ചരികളെ ഏറെ ആകർഷിക്കുന്നുണ്ട്. ഇടുക്കി ഡാമും നിർദ്ദിഷ്ട ഇറിഗേഷൻ മ്യൂസിയവും അടക്കമുള്ള ടൂറിസം പാക്കേജ് സഞ്ചാരികളെ വലിയ തോതിൽ പ്രദേശത്തേക്ക് ആകർഷിക്കും. ടൂറിസം രംഗത്ത് ജില്ലയുടെ മുഖച്ഛായ മാറുന്ന പദ്ധതിയായി ജലസേചന പദ്ധതി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.