തൊടുപുഴ: പുഴയോര ബൈപാസ് ഡിസംബറോടെ നിർമാണം പൂർത്തിയാക്കി തുറന്നു നൽകും. സോളിങ് വർക്കുകൾ പൂർത്തിയാക്കിയതായും ആധുനിക നിലവാരത്തിലുള്ള ടാറിങ് ഉടൻ തുടങ്ങുമെന്നും അധികൃതർ പറഞ്ഞു. 1.7 കിലോമീറ്റർ നീളത്തിലും12 മീറ്റർ വീതിയിലുമാണ് റോഡിന്റെ നിർമാണം. വെങ്ങല്ലൂർ -കോലാനി ബൈപ്പാസിൽ വെങ്ങല്ലൂർ പാലത്തിനടുത്തുനിന്ന് ആരംഭിച്ച് തൊടുപുഴയാറിന്റെ തീരത്തിലൂടെ ചാഴിക്കാട്ട് ആശുപത്രിക്ക് സമീപം ധന്വന്തരി ജങ്ഷനിൽ എത്തുന്ന രീതിയിലാണ് ബൈപ്പാസിന്റെ രൂപകൽപന. ഇരുവശങ്ങളിലും വീതി കൂട്ടുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. വീതി കൂട്ടുന്നതിന്റെ ഭാഗമായി റോഡിനായി ഏറ്റെടുത്ത ഭാഗങ്ങളിലെ ഇരുവശങ്ങളിലെയും നിർമാണങ്ങൾ പൊളിച്ചു നീക്കിയിരുന്നു.
വാഹന ഗതാഗതത്തിന് പുറമേ നഗരവാസികൾക്ക് വ്യായാമത്തിനും വിനോദത്തിനും കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബൈപാസ് രൂപകൽപന ചെയ്തിട്ടുള്ളത്. പുഴയോരത്ത് 1.7 കിലോമീറ്റർ നീളത്തിൽ 2 മീറ്റർ വീതിയിലും ഉള്ള ജോഗിങ് ട്രാക്ക് കൂടി നിർമിക്കും. ഈ റോഡിന്റെ മുഴുവൻ ഭാഗത്തും പുഴയുമായി തിരിച്ച് (കുളിക്കടവുകൾ ഒഴികെ) ഹാൻഡ് റെയിലുകൾ സ്ഥാപിക്കും. പുഴയോരത്തും മറുവശത്തും പൂമരങ്ങൾ വെച്ചു പിടിപ്പിക്കാനും പദ്ധതിയുണ്ട്. അലങ്കാര വഴിവിളക്കുകൾ സ്ഥാപിക്കും. റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി 10.50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഏഴ് കോടി രൂപയാണ് നിർമാണ ചെലവ്.
ബൈപാസ് നഗരം എന്നറിയപ്പെടുന്ന തൊടുപുഴയിൽ ഈ ബൈപാസ് കൂടി തുറന്നു നൽകുന്നതോടെ ഒമ്പതാമത്തെ ബൈപാസായി റിവർ വ്യൂ റോഡ് മാറും. ഇതു കൂടാതെ മാരിയിൽക്കലുങ്ക് ബൈപാസും ഉടൻ യാഥാർഥ്യമാകും. ആധുനിക രീതിയിൽ തന്നെയാകും ഇതിന്റെയും നിർമാണം. പൊതുമരാമത്ത് വകുപ്പിന്റെ എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ രണ്ട് ബൈപാസുകളും യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ തിരക്ക് വലിയ തോതിൽ കുറക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.