തൊടുപുഴ: നിയമക്കുരുക്കുകൾ പ്രതിസന്ധി തീർത്തതോടെ ജില്ലയിലെ പട്ടയ വിതരണം ഇഴയുന്നു. നാലര വർഷത്തിനിടെ ജില്ലയിൽ വിതരണം ചെയ്തത് 18,643 പട്ടയങ്ങൾ മാത്രമാണ്. പട്ടയത്തിനായി ഇനിയും ആയിരങ്ങളാണ് അപേക്ഷ നൽകി കാത്തിരിക്കുന്നത്. റവന്യൂ വകുപ്പിന്‍റെ കണക്ക് പ്രകാരമാണ് നാലരവർഷത്തിനിടെ ജില്ലയിലെ വിവിധ വില്ലേജ് പരിധികളിലായി 18,643 പട്ടയം വിതരണം ചെയ്തത്. ഹൈകോടതിയിലും സുപ്രീംകോടതിയിലുമായി നടക്കുന്ന നിയമനടപടി അനന്തമായി നീളുന്നത് പ്രശ്നപരിഹാരം അകലെയാക്കുകയാണ്.
നിയമനടപടികളിൽപെട്ടതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ പട്ടയങ്ങളും വിതരണം ചെയ്യാനാകാതെ ഫയലിൽ ഉറങ്ങുകയാണ്. റവന്യൂ വകുപ്പിന്‍റെ കണക്കനുസരിച്ച് ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിൽ മാത്രം നടപടി പൂർത്തിയാക്കിയ 367 പട്ടയങ്ങളാണ് വിതരണം ചെയ്യാനാകാതെ ഫയലിൽ വിശ്രമിക്കുന്നത്.
ഇരട്ടയാർ -9, അണക്കര -31, ആനവിലാസം -15, കരുണാപുരം-15,വണ്ടന്മേട് -08, ചക്കുപള്ളം -12, ചതുരംഗപ്പാറ -1, കാന്തിപ്പാറ-44, ഉടുമ്പൻചോല -15, പാറത്തോട് -14, കൽക്കൂന്തൽ -34, രാജകുമാരി -05, പൂപ്പാറ -02, രാജാക്കാട് -63, ശാന്തൻപാറ -06, ബൈസൺവാലി -16, വെളളത്തൂവൽ -02, വട്ടവട -01, കുഞ്ചിത്തണ്ണി -64, കാന്തല്ലൂർ -05 എന്നിങ്ങനെയാണ് വില്ലേജ് തിരിച്ചുള്ള കണക്ക്.ഇതിന് പുറമെ ദേവികുളം താലൂക്കിൽ മാത്രം പട്ടയം ലഭിക്കുന്നതിനായി 11,834 അപേക്ഷയും അവശേഷിക്കുന്നുണ്ട്.
നിയമക്കുരുക്കുകളഴിഞ്ഞ് പട്ടയം ലഭിക്കുന്നതുംകാത്ത് ആയിരക്കണക്കിന് അപേക്ഷകളാണ് റവന്യൂ വകുപ്പിന്‍റെ കൈകളിലുളളത്. നിയമസഭ പാസാക്കിയ ഭൂപതിവ് ചട്ട ഭേദഗതിയടക്കം ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് അവകാശവാദങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തത അപേക്ഷകരെ വലക്കുകയാണ്.
ചട്ടം നടപ്പാകുന്നതോടെ ജനങ്ങൾക്കാകെ ഭൂമിയുടെ സ്വതന്ത്ര വിനിയോഗത്തിനുള്ള അവകാശവും അനുവാദവും കൈവരുമെന്നാണ് സർക്കാറും റവന്യൂ വകുപ്പും പറയുന്നത്. എന്നാൽ, ഇത് സംബന്ധിച്ച നിരവധി ആശങ്കകളും നിലനിൽക്കുന്നുണ്ട്.
ജില്ലയിലെ പട്ടയ വിതരണത്തിൽ പ്രതിസന്ധി തീർത്തത് നിയമ നടപടികളാണ്. മൂന്നാർ മേഖലയിലെ കൈയേറ്റവുമായി ബന്ധപ്പെട്ട് ഒരുപരിസ്ഥിതി സംഘടന നൽകിയ കേസിൽ 2024 ജനുവരി 10ന് ഹൈകോടതി പുറപ്പെടുവിച്ച വിധിയാണ് ഇതിൽ നിർണായകമായത്. ഈവിധി അനുസരിച്ച് ജില്ലയിൽ 1964 ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരമുള്ള പട്ടയങ്ങൾ വിതരണം ചെയ്യുന്നത് പ്രതിസന്ധിയിലായി.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ജില്ലയിലെ കാർഡമം ഹിൽറിസർവ് ഏരിയയിലും പുതിയ പട്ടയങ്ങൾ അനുവദിക്കുന്നത് തടസ്സപ്പെട്ടതായി റവന്യൂ വകുപ്പ് പറയുന്നു. സ്റ്റേ ഒഴിവാക്കുന്നതിനുളള സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.