മലങ്കര ടൂറിസം പദ്ധതി: കേന്ദ്ര പദ്ധതിയിൽ പ്രതീക്ഷ

മൂലമറ്റം: ഫണ്ടിന്റെ അപര്യാപ്തത മൂലം അനിശ്ചിതത്വത്തിലായ മലമ്പുഴ മോഡൽ ടൂറിസം പദ്ധതിയുടെ പ്രതീക്ഷ ഇനി കേന്ദ്ര പദ്ധതിയിൽ. എൻട്രൻസ് പ്ലാസയും കുട്ടികളുടെ ചെറിയൊരു പാർക്കും മാത്രമാണ് ഇതുവരെ പൂർത്തിയായത്. 10 വർഷം മുമ്പ് ഇടതു സർക്കാറിന്റെ കാലത്തു മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ടൂറിസം, ഇറിഗേഷൻ വകുപ്പുകളും എം.വി.ഐ.പിയും സംയുക്തമായാണ് പദ്ധതി ആരംഭിച്ചത്. മലമ്പുഴ ടൂറിസം പദ്ധതിക്കു സമാനമായി വിഭാവനം ചെയ്ത പദ്ധതിയിൽ മുതിർന്നവർക്കും കുട്ടികൾക്കും വിനോദകേന്ദ്രങ്ങൾ, വിശ്രമകേന്ദ്രം, മുട്ടം മുതൽ അറക്കുളം വരെ 11 കിലോമീറ്റർ മലങ്കര ജലാശയത്തിലൂടെ ബോട്ടിങ്, ദുബൈ മോഡൽ എൻട്രൻസ് പ്ലാസ, പക്ഷിസങ്കേതം, വെള്ളം ചുറ്റിക്കിടക്കുന്ന തുരുത്തിൽ കൃത്രിമ വനം, വിസ്തൃതമായ പാർക്ക്, ആന-കുതിര-സൈക്കിൾ സവാരി, പൂന്തോട്ടം, അണ്കെട്ടിന്റെ ഇരുവശവും ബന്ധിപ്പിച്ച‌് റോപ‌് വേ, തീരങ്ങളിലൂടെ സൈക്കിൾ സവാരി, ഫുഡ‌്പാർക്ക‌്, ടൂറിസ‌്റ്റ‌് ഇൻഫർമേഷൻ കേന്ദ്രം എന്നീ സംവിധാനങ്ങളോടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, മൂന്നു കോടി രൂപ മുടക്കി നിർമിച്ച എൻട്രൻസ് പ്ലാസയും കുട്ടികളുടെ ചെറിയൊരു പാർക്കും ബോട്ട്ജെട്ടിയും മാത്രമാണ് പൂർത്തിയായത്.

എൻട്രൻസ് പ്ലാസയിൽ ടൂറിസം ഇൻഫർമേഷൻ സെന്റർ, അക്വേറിയം, 200 ആളുകൾക്ക് ഇരിക്കാനുള്ള ഓപൺ തിയറ്റർ എന്നിവ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 200 ആളുകൾക്ക് ഇരിക്കാനുള്ള സജ്ജീകരണം മാത്രമാണ് ഒരുക്കാനായത്. എന്നാൽ, ഇതുവരെ ഇത് വാടകക്ക് നൽകാൻ സാധിച്ചിട്ടില്ല.

ഡാമിന് സമീപം നിർമിച്ച ബോട്ട്ജെട്ടി നാട്ടുകാർ അലക്കാനും കുളിക്കാനുമുള്ള കടവായി ഉപയോഗിക്കുകയാണ്.

പി.ജെ. ജോസഫ് എം.എൽ.എ മുൻകൈ എടുത്ത് തയാറാക്കി സമർപ്പിച്ച ഇടുക്കി ജില്ലയിലെ 182 കോടിയുടെ ടൂറിസം പദ്ധതികൾ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന്റെ അംഗീകാരത്തിന് സമർപ്പിച്ചതോടെ മലങ്കര ടൂറിസം പദ്ധതിക്ക് ചിറക് മുളക്കുമെന്നാണ് പ്രതീക്ഷ. സി.എർത്ത് എന്ന സ്വകാര്യ കമ്പനി നടത്തിയ പഠനത്തിൽ പദ്ധതി പൂർണതോതിൽ സജ്ജമാക്കാൻ 102 കോടി കൂടി വേണ്ടിവരും കേന്ദ്രവും കേരളവും ഒത്തൊരുമിച്ച് പ്രയത്നിച്ചാൽ പദ്ധതി പൂർണതോതിൽ സജ്ജമാവുകയും സാമ്പത്തികമേഖലക്ക് ഉണർവാകുകയും ചെയ്യും.

Tags:    
News Summary - Malankara Tourism Project: Hope in the Central Plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.