തൊടുപുഴ:തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റുകളിൽ മുന്നണികൾക്കുള്ളിൽ ചർച്ചകൾ അവസാന ലാപ്പിലേക്കെത്തുകയാണ്. ജില്ല പഞ്ചായത്തിലും മുനിസിപാലിറ്റികളിലുമൊക്കെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു വരുന്നു. ഒൗദ്യോഗിക പ്രഖ്യാപനത്തിന് കാത്ത് നിൽക്കാതെ ചിലരൊക്കെ സ്വന്തം നിലയിൽ പ്രചാരണവും തുടങ്ങി. ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പട്ടിക ശനിയാഴ്ച പുറത്ത് വിട്ടു. ബി.ജെ.പി രണ്ട് മുനിസിപ്പാലിറ്റികളിലും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
എൽ.ഡി.എഫും യു.ഡി.എഫും നഗരസഭയിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനങ്ങളിലേക്കെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ അന്തിമ ലിസ്റ്റിൽ തങ്ങളുടെ പേരുണ്ടോ എന്നാണ് സ്ഥാനാർത്ഥികളുടെ ഇപ്പോഴത്തെ ആശങ്ക. സീറ്റുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇവർ.
തൊടുപുഴ: മാരത്തോൺ ചർച്ചകൾക്കൊടുവിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞ് തുടങ്ങി. തൊടുപുഴ നഗരസഭയിൽ യു.ഡി.എഫിലും എൽ.ഡി.എഫിലും സീറ്റിന്റെ കാര്യത്തിൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്.
പലയിടത്തും സ്ഥാനാർത്ഥികൾക്ക് ഉറപ്പ് ലഭിച്ച് തുടങ്ങി. ഇവർ പ്രചാരണവും ആരംഭിച്ചു. രണ്ട് നഗരസഭകളിലും ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചട്ടുണ്ട്.
38 വാർഡുകളിൽ 27 ഇടത്ത് സി.പി.എം മത്സരിക്കും. സി.പി.ഐ അഞ്ചിടത്തും കേരള കോൺഗ്രസ് (എം) ആറ് വാർഡുകളിലും പോരാട്ടത്തിനിറങ്ങും. പാർട്ടി നേതൃത്വം സ്ഥാനാർത്ഥികളെയും കണ്ടെത്തിക്കഴിഞ്ഞു. സി.പി.എം പത്തോളം വാർഡുകളിൽ കമ്മിറ്റികൂടി സ്ഥാനാർത്ഥികളുടെ പേര് നിർദേശിച്ചിട്ടുണ്ട്. യു.ഡി.എഫിലും സീറ്റിന്റെ കാര്യത്തിൽ ധാരണയായിട്ടുണ്ട്.
ലീഗ് ഒൻപതിടത്തും കേരള കോൺഗ്രസ് എട്ട് വാർഡുകളിലും മത്സരിക്കാനിറങ്ങും. വാർഡ് പുനർനിർണയത്തിന്ശേഷം നഗരസഭയിൽ മൂന്ന് വാർഡുകൾ കൂടിയിരുന്നു. മൂന്ന് പാർട്ടികളും ഇതിൽ ഓരോ വാർഡിൽ വീതം മത്സരിക്കും. പുതുതായി രൂപവത്കരിക്കപ്പെട്ട 20-ാം വാർഡ് വലിയജാരത്തിൽ ലീഗ് മത്സരിക്കും. 13-ാം വാർഡും 34-ാം വാർഡുമാണ് പുതുതായി വന്ന മറ്റ് രണ്ട് വാർഡുകൾ.
കോൺഗ്രസും കേരള കോൺഗ്രസും ഇതിൽ ഏത് വാർഡിൽ മത്സരിക്കണം എന്ന കാര്യത്തിൽ ചർച്ചകൾ അവസാന വട്ടചർച്ചയിലാണ്. ഞായറാഴ്ചയോടെ സീറ്റുകളുടെ കാര്യത്തിൽ ധാരണയുണ്ടാകും. കഴിഞ്ഞ തവണ കോൺഗ്രസ് 20 സീറ്റിലും ലീഗ് എട്ടിടത്തും കേരള കോൺഗ്രസ് ഏഴ് വാർഡിലുമാണ് മത്സരിച്ചത്.
കട്ടപ്പന: തദ്ദേശതിരഞ്ഞെടുപ്പിന് നഗരസഭയിലേക്കുള്ള 19 സ്ഥാനാർഥികളുടെ പട്ടിക എൻ.ഡി.എ പ്രഖ്യാപിച്ചു. ആകെയു ള്ള 35 വാർഡുകളിൽ 30 സീറ്റിൽ ബി.ജെ.പിയും അഞ്ചിടത്ത് ബി.ഡി.ജെഎസും മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ അറിയിച്ചു.
മുളകരമേട് വാർഡിൽ രാഹുൽ സുകുമാരൻ, അമ്പലക്കവലയിൽ പി.ജെ. ജോൺ, ഐ.ടി.ഐയിൽ നിഷ് ബൈജു, ഗവ. കോളേജ് വാർഡിൽ മഞ്ജു സതീഷ്, വലിയകണ്ടത്ത് പി.ആർ. രമേശ്, കൊച്ചുതോവാള നോർത്തിൽ റെജി ഡൊമിനിക്, പാറക്കടവിൽ നീതു വി. സുനിൽ, ആനകുത്തിയിൽ ഷീബാ പ്രസാദ്, അമ്പലപ്പാറയിൽ ആശാ പ്രസാദ്, വെട്ടിക്കുഴക്കവലയിൽ ബോണി വർഗീസ്, വാഴവരയിൽ കെ.എൻ. ഷാജി, മന്തിക്കാനത്ത് സോജൻ ജോർജ്, മേട്ടുക്കുഴിയിൽ ലില്ലിക്കുട്ടി ജോൺ, പള്ളിക്ക് വലയിൽ ടി.സി. ദേവസ്യ, ഇരുപതേക്കറിൽ പി.എസ് രതീഷ്, നരിയമ്പാറയിൽ കെ.കെ സന്തോഷ്, വലിയപാറയിൽ അഞ്ജു ലിബിൻ, കട്ടപ്പന വെസ്റ്റിൽ അംബികാ കുമാരൻ, വെള്ളയാംകുടിയിൽ സി.ജി. രേഖ എന്നിവരാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.