തൊടുപുഴ: ഇടുക്കിയിൽ ഏലത്തോട്ടങ്ങളിലടക്കം അനധികൃത കുഴൽ കിണറുകൾ വ്യാപകം. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജില്ലയിൽ കുഴൽ കിണറുകൾ കുഴിക്കുന്നത്. വേനൽ തുടങ്ങിയതോടെ കുഴൽ കിണർ കുഴിക്കാൻ തമിഴ്നാട്ടിൽ നിന്നുള്ളവരടക്കം എത്തി തമ്പടിച്ചിരിക്കുകയാണ്. ലൈസൻസ് ഉള്ളവരെ മറികടന്ന് നടക്കുന്ന കുഴൽ കിണർ നിർമാണത്തിന് പിന്നിൽ വലിയ ലോബികൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.
ഒരു എസ്റ്റേറ്റിൽ തന്നെ മൂന്നും നാലും കുഴൽ കിണറുകളാണ് നിർമിക്കുന്നത്. 1000 മുതൽ 1500 അടിവരെയാണ് ഇതിനായി താഴ്ത്തുന്നത്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കുഴൽ കിണറുകളിലെ വെള്ളം എത്തിക്കുകയും ചെയ്യുന്നുണ്ട്. രാത്രികാലങ്ങളിൽ പോലും ഇവിടങ്ങളിൽ ജലചൂഷണം നടക്കുന്നതായാണ് വിവരം. വലിയ എസ്റ്റേറ്റുകളായതിനാൽ അധികൃതർക്ക് ഇവിടേക്ക് എത്തിപ്പെടുക അസാധ്യമാണ്. അതുകൊണ്ട് പരിശോധനകളും ഉണ്ടാകുന്നില്ല.
പലയിടങ്ങളിലും ഭൂഗർഭ ജല നിരപ്പ് പോലും താഴുന്ന വിധത്തിലാണ് ഭൂമി തുരക്കുന്നത്. ജില്ല ഭരണകൂടത്തിന്റെ അനുമതിയോടെ കുഴിച്ചതിന്റെ ഇരട്ടിയിലധികം കുഴൽ കിണറുകളാണ് വിവിധ മേഖലകളിൽ സ്വകാര്യ വ്യക്തികൾ കുഴിച്ചത്. ഇതിന്റെ കണക്കുകൾ പോലും അധികൃതരുടെ കൈവശമില്ല.
തമിഴ്നാട്ടിൽനിന്ന് കുത്തക കിണർ നിർമാതാക്കൾ എല്ലാ വർഷവും എത്തി ഹൈറേഞ്ച് മേഖലകളിൽ കുഴൽ കിണർ നിർമാണത്തിനായി തമ്പടിക്കുകയാണ് ചെയ്യുന്നത്.
വേനലിനു മുമ്പേ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതോടെയാണ് ജനങ്ങൾ കുഴൽ കിണറുകളെ ആശ്രയിക്കുന്നത്. ചിലയിടങ്ങളിൽ വ്യക്തികൾ സ്വന്തം നിലയിൽ ചെയ്യുമ്പോൾ മറ്റിടങ്ങളിൽ ഒന്നിലധികം കുടുംബങ്ങൾ സംയുക്തമായാണ് കിണർ നിർമിക്കുന്നത്.
വേനലിന്റെ ആരംഭത്തിൽ തന്നെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന സൂചന ലഭിച്ചതോടെ പലരും മുൻകരുതലെന്ന നിലയിൽ കുഴൽ കിണർ നിർമിച്ചത്. നിയമപ്രകാരമുള്ളതിനേക്കാൾ കൂടുതലാണ് പലയിടത്തും കിണർ കുഴിക്കൽ. വ്യാപകമായി കുഴൽ കിണർ നിർമാണം നടത്തുന്നത് പ്രദേശത്ത് നിലവിലുള്ള കുടിവെള്ളവും ഇല്ലാതാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കുഴൽ കിണർ നിർമാണത്തിന് പഞ്ചായത്തിന്റെ അനുമതി വേണമെന്നാണ് നിയമം.
ഭൂജല വകുപ്പാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. എന്നാൽ, ഇതെല്ലാം ലംഘിച്ചാണ് നിർമാണം. ജലലഭ്യതയില്‍ സെമി ക്രിട്ടിക്കല്‍ വിഭാഗത്തില്‍പ്പെടുന്ന നെടുങ്കണ്ടം ബ്ലോക്കിലടക്കം കുഴൽ കിണറുകൾ ഏറെയാണ്. തൊടുപുഴ ബ്ലോക്കിലെ മണക്കാട്, ഇളംദേശത്തെ ഉടുമ്പന്നൂര്‍, ദേവികുളത്തെ ശാന്തമ്പാറ, അഴുതയിലെ കുമളി എന്നീ പഞ്ചായത്തുകളും സെമി ക്രിട്ടിക്കൽ വിഭാഗത്തിലുള്ളതാണ്. ഹൈറേഞ്ചിലെ ജലസ്രോതസ്സുകൾ അതിവേഗമാണ് വറ്റിവരളുന്നത്.
കിണറുകളുടെ അവസ്ഥയും ഭിന്നമല്ല. ദിനംപ്രതിയെന്നോണം ചൂടിന് കാഠിന്യം കൂടുകയാണ്. ഈ സ്ഥിതി തുടർന്നാൽ ആഴ്ചകള്‍ക്കുള്ളില്‍ കുടിവെള്ളക്ഷാമം ജനങ്ങൾക്ക് കൂടുതൽ ദുരിതമായി മാറും. കാര്‍ഷികമേഖലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുന്നുണ്ട്. കുരുമുളക് ഏലം തുടങ്ങിയ നാണ്യവിളകള്‍ക്കാണ് പെട്ടന്നുണ്ടായ കാലാവസ്ഥ മാറ്റം കൂടുതല്‍ ദോഷം ചെയ്യുന്നത്. മറ്റ് കൃഷികളും കാലിവളര്‍ത്തലും പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.