തൊടുപുഴ: രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സേവനങ്ങളിൽ സുതാര്യത ഉറപ്പാക്കാനുമുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ജില്ലയിൽ നടപ്പാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി.
ഇതിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, ദന്തചികിത്സ കേന്ദ്രങ്ങള്‍ തുടങ്ങി മുഴുവൻ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കും കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ ആക്ട് 2018) പ്രകാരം രജിസ്ട്രേഷന് നിര്‍ബന്ധമാക്കാനാണ് തീരുമാനം. നിയമം നടപ്പാക്കുന്നതിനെതിരെ സ്വകാര്യ ആശുപത്രികൾ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെയാണ് നടപടികൾ കാര്യക്ഷമമാക്കാനുള്ള സർക്കാർ തീരുമാനം.
രജിസ്ട്രേഷൻ നിർബന്ധം
നിയമപ്രകാരം എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കാണാവുന്നവിധം പ്രദർശിപ്പിക്കണം. സേവനങ്ങൾക്കും ചികിത്സക്കും ബാധകമായ ഫീസ് നിരക്കുകളും പാക്കേജുകളും അഡ്മിഷൻ ഡെസ്ക്/റിസപ്ഷൻ എന്നിവിടങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ രജിസ്ട്രേഷൻ റദ്ദാക്കാനും നിയമനടപടി സ്വീകരിക്കാനും നിയമപ്രകാരം സർക്കാറിന് അധികാരമുണ്ട്. ആശുപത്രികൾ, ലബോറട്ടറികൾ, ദന്തചികിത്സ കേന്ദ്രങ്ങൾ, ആയുഷ് ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി കിടക്കകളോടുകൂടിയതോ അല്ലാത്തതോ ആയ സ്ഥാപനങ്ങൾക്കെല്ലാം നിയമം ബാധകമാണ്.
അടിയന്തര ചികിത്സ രോഗികളുടെ അവകാശം
നിയമം നടപ്പാകുന്നതോടെ അടിയന്തര ചികിത്സ രോഗികളുടെ അവകാശമാകും. അത്യാഹിതം സംഭവിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന രോഗിയെ പ്രാഥമിക ചികിത്സ നല്കി അടിയന്തര സാഹചര്യം തരണംചെയ്യാന്‍ സഹായിക്കേണ്ടത് ആശുപത്രികളുടെ ഉത്തരവാദിത്തമാണ്. മുന്‍കൂര്‍ പണമടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാല്‍ ചികിത്സ നിഷേധിക്കാൻ പാടില്ല. കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കില്‍ അതിനുള്ള സൗകര്യവും നൽകണം. ചികിത്സക്കുശേഷം ഡിസ്ചാര്‍ജ് ചെയ്താല്‍ ചികിത്സരേഖകളും പരിശോധന റിപ്പോര്‍ട്ടുകളും രോഗിക്ക് കൈമാറേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണ്.
കണ്സള്ട്ടേഷന്, പരിശോധന, ചികിത്സ മറ്റ് സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ നിരക്കുകളും ഉള്‍പ്പെടുത്തിയ ഇനം തിരിച്ച ബില്ല് രോഗികള്‍ക്ക് നല്‍കണം.
എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും പേഷ്യന്റ് ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന തരത്തില്‍ ലഭ്യമാക്കണം. സ്ഥാപനത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമായി കാണാവുന്ന തരത്തില്‍ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
പരാതികൾ പരിഹരിക്കാൻ ഹെൽപ് ഡെസ്ക്
നിയമപ്രകാരം രോഗികളുടെ പരാതി പരിഹരിക്കാന്‍ പ്രത്യേക ഡെസ്ക് ആരോഗ്യ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമാണ്. രോഗികളുടെ പരാതി ലഭിച്ച് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ പരിഹരിക്കണം.
ഗുരുതരമായ പരാതികള്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് (ആരോഗ്യം ) കൈമാറണം. ഇതുസംബന്ധിച്ച വിവരങ്ങൾ https:// clinical establishments kerala.gov.in / act - rules എന്ന വെബ്സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.
ഹൈകോടതി നിർദേശാനുസരണം ജില്ലയിലെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റുകളായ എല്ലാ ആശുപത്രികളും ക്ലിനിക്കുകളും ഡയഗ്നോസ്റ്റിക് സ്ഥാപനങ്ങളും കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018 ലെ 39, 47 സെക്ഷനുകള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ.എൻ. സതീഷ് അറിയിച്ചു.
പ്രദർശിപ്പിക്കേണ്ട വിവരങ്ങൾ, ലഭ്യമായ സേവനങ്ങള്‍
സേവനങ്ങളുടെയും സൗകര്യങ്ങളുടെയും നിരക്കുകളും പാക്കേജുകളും
നിലവിലുള്ള കിടക്ക, ഐ.സി.യു, ഓപറേഷൻ തിയറ്റർ വിവരങ്ങള്‍
രോഗിയുടെ അവകാശങ്ങള്‍
പരാതികള്‍ ബോധിപ്പിക്കേണ്ട ഓഫിസറുടെ പേര്, തസ്തിക, ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം), ഫോണ്‍ നമ്പര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.